
കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 22 വരെ റിമാന്റ് നീട്ടിയിരിക്കുന്നത്.
റിമാന്റ് കാലാവധി തീരുന്ന ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതിന് പകരം സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാപ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു നടപടിയ്ക്ക് കോടതി അനുമതി നല്‍കിയത്.
അതേസമയം, ദിലീപിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകന് രംഗത്ത് എത്തിയെങ്കിലും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ജലദോഷത്തിനും കാലുവേദനയ്ക്കുമുള്ള മരുന്ന് നല്‍കുന്നുണ്ടെന്നും ജയിലധികൃതര്‍ പറയുന്നു.
ഇതിനിടെ, ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിന് കൗണ്‍സിലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തി പ്രാര്‍ത്ഥന നടത്താറുണ്ട്. ദിലീപ് റിമാന്റിലായ ശേഷം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്തേയ്ക്ക് കയറ്റിയില്ല. ശനിയാഴ്ചകളില്‍ കൗണ്‍സിലിങ് നടത്തിവരാറുണ്ടെങ്കിലും കഴിഞ്ഞ ശനിയാഴ്ച അത് ഉണ്ടായില്ല.
മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ത്ഥന വീണ്ടും ആരംഭിച്ചിട്ടുണ്ട്. സെല്ലുകളുടെ പ്രവേശന കവാടത്തിന് അരികെയാണ് പ്രാര്‍ത്ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്ക് ഇതില്‍ പങ്കെടുക്കാം. എന്നാല്‍, ഈ സമയത്ത് സെല്ലില്‍ നിന്നും പുറത്തിറങ്ങാല്‍ പോലും ദിലീപ് തയ്യാറായില്ല.






