
ലണ്ടന്‍: ഗോള്‍മഴ കണ്ട ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മൂന് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ 4-3 ന് വീഴ്ത്തി വമ്പന്മാരായ ആഴ്സണല്‍ പുതിയ സീസണിലെ ആദ്യ ജയം കുറിച്ചു. ഇരു ടീമുകളും ആദ്യ മിനിറ്റ് മുതല്‍ എതിര്‍ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറിയ മത്സരത്തില്‍ ലെസ്റ്ററിന്റെ സുപ്പര്‍താരം ജാമി വാര്‍ഡിയുടെ ഇരട്ടഗോളുകള്‍ പാഴായപ്പോള്‍ ലാകാസേറ്റ്, വെല്‍ബാക്ക്, രാംസേ, ഗിറോഡ് എന്നിവരിലൂടെയായിരുന്നു ആഴ്സണല്‍ വിജയം പിടിച്ചെടുത്തത്.
ആഴ്സണലിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി അലക്സാണ്ടര്‍ ലാകാസേറ്റ് കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍നേടി. ഫ്രഞ്ച് ക്ളബ്ബ് ലിയോണില്‍ നിന്നും ആഴ്സണല്‍ 52 ദശലക്ഷം പൗണ്ടിന് സ്വന്തമാക്കിയ ഈ ഫ്രഞ്ച് താരം ആദ്യ മിനിറ്റില്‍ തന്നെ തന്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ചു. മൊഹമ്മദ് എല്‍നെനിയുടെ ക്രോസില്‍ തലവെച്ചായിരുന്നു ലകാസേറ്റ് ഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏഴാമത്തെയാളായി ലാകാസേറ്റ്. കളിയിലെ തന്റെ രണ്ടാം ടച്ചും ആദ്യ ഷോട്ടും ലാകാസേറ്റ് ഗോളാക്കി.
ഈ മൂന്‍തൂക്കം തൊട്ടടുത്ത മിനിറ്റില്‍ തിരിച്ചടിച്ചു. ലെസ്റ്ററിന്റെ ജാപ്പനീസ് താരം ഷിഞ്ജി ഒകസാക്കി സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ തന്നെ ലെസ്റ്റര്‍ സൂപ്പര്‍താരം ജാമി വാര്‍ഡിയിലൂടെ ലീഡെടുത്തു. എന്നാല്‍ റിയാദ് മെഹ്സറിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മാര്‍ക്ക് ആള്ബ്രൈറ്റന്റെ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് ഡാനി വെല്‍ബാക്കാണ് ആഴ്സണലിന് രക്ഷകനായത്.
ഇടവേള കഴിഞ്ഞ് ആദ്യം സ്കോര്‍ ചെയ്തതും ലെസ്റ്ററായിരുന്നു. ജാമി വാര്‍ഡി തന്നെ ഇത്തവണയും സ്കോര്‍ ചെയ്തു. ലെസ്റ്ററിന്റെ ലീഡുമായി കളി പുരോഗമിക്കുമ്പോള്‍ ആഴ്സണല്‍ പരിശീലകന് വെംഗര്‍ കൊണ്ടുവന്ന സബ്സ്റ്റിറ്റിയൂഷന് നിര്‍ണ്ണായകമായി. രാംസേയെയും ഗിറോഡിനെയും കളത്തിലെത്തിച്ചു. 83 ാം മിനിറ്റിലും 85 ാം മിനിറ്റിലും ഇരുവരും ഗോളടിച്ച് ആഴ്സണലിനെ കളി ജയിപ്പിച്ചു. 85 ാം മിനിറ്റില്‍ കളി നിര്‍ണ്ണയിച്ച ഗിറോഡ് തന്റെ ഗോള്‍ നേട്ടം ആഴ്സണലിനായുള്ള 231 മത്സരങ്ങളില്‍ 97 ആക്കി കൂട്ടുകയും ചെയ്തു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രീമിയര്‍ലീഗില്‍ ഗോള്‍ നേടിയിട്ടുള്ള താരങ്ങളില്‍ കെവിന് കാംബല്‍, സ്റ്റീവ് ബൗള്‍ഡ്, ഫ്രെഡറിക് ലംഗ്ബര്ഗ്, ഇമ്മാനുവേല്‍ അഡൊബായേര്‍, സമീര്‍ നസ്രി, തോമസ് വെര്മുലിയന് എന്നിവരാണ് ഇതിന് മുമ്പ് അരങ്ങേറ്റ മത്സരത്തില്‍ ആഴ്സണലിനായി ഗോളടിച്ചിട്ടുള്ള താരങ്ങള്‍. ജയത്തോടെ ലെസ്റ്ററിനെതിരേ പ്രീമിയര്‍ലീഗ് ജയിക്കപ്പെടുന്നത് 22 ാം തവണയായിരുന്നു. ഹോം മാച്ചില്‍ 11 ാം തവണ വിജയം നേടി. ഉദ്ഘാടന മത്സരത്തില്‍ ഏഴു ഗോളുകള്‍ വീഴുന്നത് പ്രീമിയര്‍ ലീഗില്‍ ഇത് ഏഴാം തവണയായിരുന്നു.





