
മണിപ്പുരില്‍ നിന്ന് അഷാങ്ബി ദേവി ന്യൂഡല്‍ഹിയിലേക്കു വരും. മീന്‍ മണക്കുന്ന സഞ്ചിയാകില്ല അപ്പോള്‍ അവരുടെ കൈകളില്‍ മറിച്ച്, മകന് സമ്മാനിച്ച പുതുമണം മാറാത്ത തുണിസഞ്ചിയാകും അഭിമാനം തുടിക്കുന്ന നെഞ്ചോടടുക്കി പിടിച്ചിട്ടുണ്ടാകുക.
ഇക്കഴിഞ്ഞ മേയിലാണ് ഇന്ത്യ അണ്ടര്‍ 17 സാധ്യതാ ടീമിലെ ഭാവി വാഗ്ദാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന അമര്‍ജിത് സിങ് കിയാം സ്പെയിനില്‍നിന്നു മടങ്ങിയത്. മത്സരപരിചയം തേടി ടീമിനൊപ്പം യൂറോപ്യന്‍ പര്യടനത്തിലായിരുന്ന അമര്‍ജിത് മടക്കയാത്രയ്ക്കിടെ സ്പെയിനിലെ ഒരു കടയില്‍നിന്ന് അമ്മയ്ക്ക് ഒരു സമ്മാനം വാങ്ങി. പതുപതുത്ത ഒരു തുണി സഞ്ചി.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരുടെ ആദ്യ മത്സരത്തിന് അന്ന് അഞ്ചു മാസത്തെ സമയമുണ്ടായിരുന്നു. തനിക്ക് ആ ടീമില്‍ സ്ഥാനമുണ്ടാകുമോയെന്നുപോലും 16കാരനായ അമര്‍ജിത്തിന് അപ്പോള്‍ ഉറപ്പുണ്ടായില്ല. പക്ഷേ, അവന് ആ സഞ്ചി വാങ്ങി. കാരണം അവനറിയാമായിരുന്നു മണിപ്പുരിലെ തൗബാല്‍ എന്ന കുഗ്രാമത്തില്‍ നിന്ന് തന്റെ മത്സരം കാണാന്‍ അമ്മ വരുമെങ്കില്‍ അവര്‍ക്ക് കൊണ്ടുവരാന്‍ ഒരു നല്ല ബാഗ് പോലുമില്ലെന്ന്.
അന്നത്തെ അമര്ജിത്തിനെയാണ് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അണ്ടര്‍ 17 ലോകകപ്പ് ടീമിലെ എല്ലാ സഹതാരങ്ങളും ഐകകണ്ഠ്യേന തങ്ങളുടെ നായകനായി തെരഞ്ഞെടുത്തത്. ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ അവനാണ് നയിക്കുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ അമര്‍ജിത്ത് സിങ് കിയാം. തൗബാലിലെ അവന്റെ രണ്ടുമുറി വീട്ടില്‍ സ്പെയിനില്‍ നിന്നെത്തിയ തുണിസഞ്ചി തയാറാക്കഴിഞ്ഞു; ഏറെ പ്രതീക്ഷകളോടെയുള്ള ഡല്‍ഹി യാത്രയ്ക്ക്.
വിദേശ നിര്‍മിത ബാഗുകളെക്കാള്‍ അമര്‍ജിത്തിന്റെ അമ്മ അറുപതുകാരിയായ അഷാങ്ബിയ്ക്ക് പ്ലാസ്റ്റിക് കിറ്റുകള്‍ പിടിച്ചാണ് കൂടുതല്‍ പരിചയം. അതവരുടെ ദിനചര്യയുടെ ഭാഗം കൂടിയാണ്. ദിവസേന വെളുപ്പിനു മൂന്നുമണിക്കു ഭര്‍ത്താവ് ചന്ദ്രമണി സിങ് കിയാമിന്റെ സൈക്കിളിനു പിന്നിലിരുന്നു ബസ് സ്റ്റോപ്പിലേക്കു പോകുന്ന അഷാങ്ബിയുടെ ദിവസം ആരംഭിക്കുന്നത് ഇംഫാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നാണ്. മീന്‍ചന്തയില്‍നിന്ന് മത്സ്യം വാങ്ങി സമീപത്തെ തെരുവുകളില്‍ കൊണ്ടുനടന്നു വിറ്റാണ് അവര്‍ കുടുംബം പുലര്‍ത്തുന്നത്. അഞ്ചംഗങ്ങളുള്ള ആ കുടുംബത്തിന്റെ വയര്‍ നിറയ്ക്കാന്‍ ഇങ്ങനെ മത്സ്യം വിറ്റുലഭിക്കുന്നത് പ്രതിദിനം 250 രൂപയാണ്.
അമര്‍ജിത്തിന്റെ അച്ഛന് ചന്ദ്രമണിക്കു സ്ഥിര ജോലിയില്ല. പാര്‍ട്ടൈം കര്‍ഷകനും പാര്‍ട്ടൈം മരപ്പണിക്കാരനുമായ ചന്ദ്രമണി ഒറ്റയ്ക്കു കൂട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യം തീരുകയുമില്ല. ഉറുമ്പ് അരിമണികൂട്ടുന്നതുപോലെ നുള്ളിപ്പെറുക്കിയ സമ്പാദ്യത്തിലൂടെയാണ് ചന്ദ്രമണിയും അഷാങ്ബിയും മകനെ രാജ്യത്തിന്റെ നായകനാക്കിയത്.
2011-ല്‍ ചണ്ഡീഗഡ് ഫുട്ബോള്‍-ഹോക്കി അക്കാദമിയില്‍ ചേരാനുള്ള മോഹം അറിയിച്ച അമര്‍ജിത്തിന് അഷാങ്ബി തന്റെ ചെറിയ സമ്പാദ്യത്തില്‍ നിന്ന് 6000 രൂപ നല്കി. വന്‍കിടക്കാര്‍ വരുന്ന ട്രയല്‍സിനു പോകുന്ന മകന് മോശക്കാരനാകരുത്; വിമാനത്തില്‍ തന്നെ പോകട്ടെയെന്ന് ആ അമ്മ ആഗ്രഹിച്ചു. ആ വിമാനട്ടിക്കറ്റിനു പക്ഷേ, മൂന്നുമാസക്കാലത്തോളം അരവയറുമായി ഉറങ്ങേണ്ടി വന്ന നാലു ജീവനുകളുടെ വിലയുണ്ട്.
അക്കാദമിയില്‍ ചേര്‍ന്ന അമര്‍ജിത്ത് 2012-ല്‍ സി.എച്ച്.എ. ടീമിനെ സുബ്രതോ കപ്പ് ഫൈനലില്‍ എത്തിച്ചാണ് മാതാപിതാക്കളുടെ പ്രതീക്ഷകാത്തത്. 2015-ല്‍ അതേ ടീമിനായി ഇന്ത്യന്‍ അണ്ടര്‍ 16 ടീമിനെതിരേ നേടിയ മൂന്നു ഗോളുകള്‍ അമര്‍ജിത്തിന്റെ ഫുട്ബോള്‍ ജീവിതം തന്നെ മാറ്റിമറിച്ചു. രണ്ടുവര്‍ഷത്തിനിപ്പുറം അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനുമായി. ടീം ഇന്ത്യയുടെ നായകന്റെ അമ്മ ഇപ്പോഴും മീന്‍ വില്ക്കാന് പോകുന്നുണ്ട്. '' ഇപ്പോള്‍ അവന് ക്യാപ്റ്റനായില്ലേ. മത്സ്യമാര്‍ക്കറ്റിലും മറ്റുമുള്ള എന്റെ സുഹൃത്തുക്കളോട് ഞാന്‍ ഇക്കാര്യം പറയാറുണ്ട്. അവന്റെ കളി കാണാന്‍ ഡല്‍ഹിക്കു പോകുന്ന കാര്യവും അവരോടെല്ലാം പറഞ്ഞുകഴിഞ്ഞു''- അഭിമാനത്തോടെ അഷാങ്ബി പറയുന്നു.
അമ്മാവന് ദേബന്‍ സിങ്ങാണ് അമര്‍ജിത്തിനെ ഫുട്ബോളിലേക്കു നയിച്ചത്. കുട്ടിക്കാലത്ത് ദേബന്‍ സിങ്ങിനൊപ്പം പന്തുതട്ടിത്തുടങ്ങിയ അമര്‍ജിത്തിനെ സി.എച്ച്.എഫ്.എയിലേക്കു വഴിതിരിച്ചുവിട്ടതും അമ്മാവനാണ്. മാതാപിതാക്കള്‍ക്കൊപ്പം ദേബന്‍ സിങ്ങും ന്യൂഡല്‍ഹിയില്‍ എത്തുന്നുണ്ട്. ''ആദ്യ വിമാനയാത്രയ്ക്ക് പണം അമ്മയാണ് അവനു നല്‍കിയത്. ഇപ്പോള്‍ അവന് സ്ഥിരമായി വിമാനയാത്ര നടത്തുന്നു. ഈ വര്‍ഷം ടീമിനൊപ്പം 12 രാജ്യങ്ങളിലേക്കു സഞ്ചരിച്ചു. അതില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടത് സ്പെയിനാണ്. അവന്റെ ഇഷ്ട €ബായ ബാഴ്സലോണ ടീം ബസിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചു. അത് ഞങ്ങളെ കാട്ടിത്തന്നു. പിന്നെ അവന്റെ അമ്മയ്ക്കായി ഒരു ബാഗ് വാങ്ങാനും കഴിഞ്ഞു. ന്യൂഡല്‍ഹിയിലേക്കു ഞങ്ങള്‍ പോകുമ്പോള്‍ ആ ബാഗ് ഒപ്പമുണ്ടാകണമെന്ന് അവന് നിര്‍ബന്ധമാണ്''- ദേബന്‍ സിങ് പറഞ്ഞുനിര്‍ത്തി.