
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാര്‍ സിനിമാക്കാരുടെയും സീരിയലുകാരുടെയും വിശ്വസ്ത സുഹൃത്തുക്കളെന്ന് പോലീസ്. ആന്ധ്രായിലെയും ഒഡീഷയിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള കാട്ടില്‍ നിന്നും കിലോയ്ക്ക് 4000 രൂപ കൊടുത്തു വാങ്ങുന്ന കഞ്ചാവ് 20,000 രൂപയ്ക്ക് വിറ്റിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശികളായ ഇജാസ്,നൗഷീര്‍, ചേര്‍ത്തല സ്വദേശി അനസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുകിലോ കഞ്ചാവുമായിട്ടാണ് പിടിയിലായത്.
സ്ഥിരമായി കൊച്ചിയിലേക്കു വന്‍തോതില്‍ കഞ്ചാവു കടത്തിയിരുന്ന യുവാക്കളാണു പൊലീസിന്റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ ഉണ്ടെന്നും പൊലീസ് സംശിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട സിനിമ സീരിയല്‍ രംഗത്തുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങി. മതിയായ തെളിവുകള്‍ കിട്ടുന്നത് വരെ ആരേയും അറസ്റ്റ് ചെയ്യില്ല. ആരോപണ വിധേയരെ നിരീക്ഷിക്കാനാണ് പോലീസ് ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. കൊച്ചിയിലെ സിനിമ സീരിയല്‍ രംഗത്തേക്കാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
ഡിജെ പാര്‍ട്ടികള്‍ വ്യാപകമായ സിനിമാ മേഖലയില്‍ നിന്നും നിയോഗിക്കപ്പെട്ട ഏജന്റുമാരാണ് ഇവര്‍. ഇത് നടത്തുന്ന സിനിമാക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടികളിലൂടെ ഇവ വിറ്റയയ്ക്കും. പിടിയിലായവര്‍ക്ക് സിനിമാ ലോകവുമായി അടുത്ത ബന്ധവും ഉണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളില്‍ ഒരാളായ അനസ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സിനിമ ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. കൊണ്ടുവരന്നത് പെട്ടെന്ന് തന്നെ വിറ്റഴിയും.
മൂന്നുമാസത്തിനിടെ ഏഴു പ്രാവശ്യം കഞ്ചാവും ഹഷീഷും ഇവര്‍ കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് നല്കുന്ന റായഗഡയിലെ ഒരു സ്ത്രീ, ലൊക്കേഷനുകളിലെ ഇടനിലക്കാര്‍ എന്നിവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആന്ധ്ര, ഒഡീഷ അതിര്‍ത്തിയിലെ വനപ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നവരില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവര്‍ കഞ്ചാവ് ശേഖരിച്ചിരുന്നത്. അതിര്‍ത്തി ജില്ലയായ റായ്ഗഡയിലെ മട്ടിഗോണ, ലക്ഷ്മിപൂര്‍, കണ്ഡേശ്വര് എന്നീ ഗ്രാമങ്ങളില്‍നിന്നാണ് ഇവര്‍ കഞ്ചാവ് എടുത്തിരുന്നത്.
ഇടനിലക്കാരില്ലാതെ ഇവര്‍ നേരിട്ടാണ് ശേഖരിച്ചിരുന്നത്. റായഗഡയില്‍ നിന്ന് ബസ് മാര്‍ഗം കഞ്ചാവ് വിശാഖപട്ടണത്ത് എത്തിക്കും. പൊലീസ് പരിശോധന ഒഴിവാക്കാന്‍ കാര്‍ കയറ്റുന്ന ട്രെയിലറിലാണ് പിന്നീട് കേരളത്തിലേക്ക് കടത്ത്. പൊലീസിനെ ഭയന്ന് ഇടുക്കിയില്‍ നിന്ന് ഒഡീഷയിലെത്തി കഞ്ചാവ് കൃഷി ചെയ്യുന്നവര്‍ക്ക് സായുധ മാവോയിസ്റ്റുകളുട സഹായമുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. കേരളത്തില്‍ നിന്ന് മൂന്നു സ്ത്രീകള്‍ മൊത്തമായി കഞ്ചാവ് വാങ്ങാറുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്കി.






