
തിരുവനന്തപുരം : സോളാര്‍ കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വീണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു.ആലുവയില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് ബ്ലാക്ക്മെയിലിങ് എന്ന് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ചാണ്ടി അന്വേഷണ സംഘത്തെ അറിയിച്ചു.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്. എന്നാല്‍, ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് പറയാന്‍ തയ്യാറാകാതിരുന്ന ഉമ്മന്‍ചാണ്ടി ബ്ലാക്ക്മെയിലിങിന് വിധേയനാകേണ്ടി വന്ന സാഹചര്യം മാത്രമാണ് വിശദീകരിച്ചത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജു രാധാകൃഷ്ണനും മറ്റൊരാളും ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി തന്നെ കാണുകയും തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ കുറിച്ച് ചില പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അന്ന് ആര്.ബി.ആര് നായര്‍ എന്ന പേരിലായിരുന്നു ബിജു ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയത്. വ്യക്തിപരമായ കാര്യങ്ങളാണ് അവര്‍ പറഞ്ഞതെന്നും അതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തക ഇതേക്കുറിച്ച് പലവട്ടം ചോദിച്ചുവെങ്കിലും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.






