കൊല്‍ക്കത്ത: പഠിക്കണമെന്ന് അഭ്യര്‍ഥിച്ച് 13 വയസുകാരി പോലീസ് സ്റ്റേഷനിലെത്തി. തന്റെ അച്ഛന് തന്നെ വിവാഹം കഴിപ്പിച്ച് അയിക്കാന്‍ പോവുകയാണ്, ഇതില്‍ നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു 13 വയസുകാരി പോലീസിനെ സമീപിച്ചത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. സ്കൂളില്‍ നിന്ന് നേരിട്ട് യൂണിഫോര്മില് നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പെണ്‍കുട്ടി എത്തിയത്.
'ഈ കല്യാണം ഒഴിവാക്കാന്‍ എന്നെ സഹായിക്കണം, എനിക്ക് പഠിക്കണം, പക്ഷേ എന്റെ അച്ഛന് എന്നെ വിവാഹം കഴിപ്പിച്ചയക്കുകയാണ്' ഇതായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. പശ്ചിമ ബംഗാളിലെ ജിബാന്താലയിലാണ് ബാലവിവാഹത്തില്‍ നിന്ന് രക്ഷ തേടി ആറാം ക്ലാസ് വിദ്യാര്‍ഥിനി പോലീസ് സ്റ്റേഷനിലെത്തിയത്. 'കഴിഞ്ഞ ആറുമാസമായി തന്റെ പിതാവ് തനിക്കായി വരനെ അന്വേഷിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹം വേണ്ടെന്നും പഠിച്ച് വലുതായിട്ട് മതിയെന്നും ഞാന്‍ പലതവണ പറഞ്ഞെങ്കിലും അദ്ദേഹം കേട്ടില്ല. ഇപ്പോള്‍ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എനിക്ക് വിവാഹം കഴിക്കേണ്ട, എനിക്ക് പഠിക്കണം, എന്നെ സഹായിക്കണം' പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി പറഞ്ഞു.
സ്കൂളില്‍ നിന്നും രണ്ടര കിലോമീറ്ററോളം കാല്‍നടയായാണ് ആറാം ക്ലാസുകാരി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ഓഫീസറെ കാണണമെന്ന് പറഞ്ഞ പെണ്‍കുട്ടിയോട് സ്റ്റേഷനിലെ ഡൂട്ടി ഓഫീസര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബാലവിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്. ഇതോടെ ആറാം ക്ലാസുകാരിക്ക് പറയാനുള്ളതെല്ലാം പോലീസ് കേട്ടു. പിന്നീട് പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് അവളെ വീട്ടിലേക്ക് തിരിച്ചയച്ചത്.
വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ബാലവിവാഹം ക്രിമിനല്‍കുറ്റമാണെന്ന് ബോധ്യപ്പെടുത്തുകയും പിന്മാറാന് ആവശ്യപ്പെടുകയും ചെയ്തു. വിവാഹ പ്രായം എത്തിയതിന് ശേഷം മാത്രമേ മക്കളെ വിവാഹം കഴിപ്പിക്കുകയുള്ളുവെന്നും പിതാവില്‍ നിന്ന് എഴുതിവാങ്ങുകയും പോലീസ് ചെയ്തു.






