
കോട്ടയം: ''സത്യം പറഞ്ഞാല്‍ അമ്മ തല്ലുകൊള്ളും; പറഞ്ഞില്ലെങ്കില്‍ അപ്പന് പട്ടിയിറച്ചി തിന്നും!'' ശബരിമല വിഷയത്തില്‍, ആര്. ബാലകൃഷ്ണപിള്ള നയിക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി) ത്രിശങ്കുവിലാണ്. യുവതീപ്രവേശത്തെ എതിര്‍ത്താല്‍ ഇടതുമുന്നണി വാതിലടയ്ക്കും. അനുകൂലിച്ചാല്‍ എന്‍.എസ്.എസ്. പടിയിറക്കും! യു.ഡി.എഫ്. വിട്ട് ഇടതുപാളയത്തിലെത്തിയ പിള്ള ഇപ്പോള്‍ കാബിനറ്റ് റാങ്കോടെ മുന്നോക്കവികസന കോര്പറേഷന് ചെയര്‍മാനാണ്.
ഇതിനുപുറമേ, ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞ എന്‍.എസ്.എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും 62 വര്‍ഷമായി പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റുമായ പിള്ള ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലാണ്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്താല്‍ കാബിനറ്റ് പദവി പോകും. അനുകൂലിച്ചാല്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് ഇരയാകും.
ശബരിമല വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണയാണുപിള്ളയ്ക്കു മലക്കം മറിയേണ്ടിവന്നത്. സുപ്രീം കോടതി വിധി വന്നശേഷം പിള്ളയുടെ ആദ്യപ്രതികരണം വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നായിരുന്നു. എന്നാല്‍, വിധി നടപ്പാക്കുമെന്നു സി.പി.എമ്മും സര്‍ക്കാരും കര്‍ശന നിലപാടെടുത്തതോടെ പിള്ളയും അവസരോചിതമായി നിലപാടു മാറ്റി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നായി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പിള്ള വീണ്ടും മറുകണ്ടം ചാടി.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പിള്ള പ്രഖ്യാപിച്ചതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതു സി.പി.എമ്മിനെ ചൊടിപ്പിച്ചു. ഇതോടെയാണു കഴിഞ്ഞ 24-നു കൊല്ലത്തു നടന്ന എല്‍.ഡി.എഫ്. രാഷ്ട്രീയവിശദീകരണയോഗത്തില്‍ പങ്കെടുത്ത്, തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരേ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. കൊല്ലം പ്രസംഗത്തില്‍ എന്‍.എസ്.എസ്. നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ പിള്ള വീണ്ടും വിശ്വാസികള്‍ക്കൊപ്പമായി.
എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനാപുരം താലൂക്ക് യൂണിയന് പുനലൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വാസസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളില്‍ വിശ്വാസസംരക്ഷണത്തിനായി 13 വരെ നാമജപയജ്ഞം തുടരുമെന്നും പ്രഖ്യാപിച്ചു. ബാലകൃഷ്ണപിള്ള മുമ്പു പലതവണ മുന്നണികള്‍ മാറിയപ്പോഴും എന്‍.എസ്.എസ്. നേതൃത്വം ഉറച്ചപിന്തുണ നല്‍കിയിയിരുന്നു. എന്നാല്‍, ശബരിമല വിഷയത്തില്‍ ''കടിച്ചതുമില്ല, പിടിച്ചതുമില്ല'' എന്ന അവസ്ഥയിലേക്കാണു പിള്ളയുടെ പോക്ക്.






