
പത്തനംതിട്ട: പോലീസ് നടപടികള്‍ ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിരോധനാജ്ഞയുടെയോ പോലീസ് നിയന്ത്രണത്തന്റെയോ സാഹചര്യം ശബരിമലയിലില്ലെന്നും ഭക്തരെ പോലീസ് ഭീകരരെ പോലെയാണ് പരിഗണിക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വന്‍ പ്രതിഷേധങ്ങളും പോലീസ് നടപടികളും നടക്കുന്ന ശബരിമലയില്‍ ഇന്ന് രാവിലെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്.
ഭക്തരെ പോലീസ് കാണുന്നത് ഭീകരരെ പോലെയാണെന്നും ശബരിമലയിലെ നിലവിലെ അവസ്ഥ അതുമായി ബന്ധപ്പെട്ട ഭക്തര്‍ക്ക് പുറമേ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്തിരുന്നവര്‍ക്കും വന്‍ നഷ്ടം വരുത്തിയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പ്രളയത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി അനുവദിച്ച 100 കോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എവിടെ വരെയായി എന്ന് പരിശോധിക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലില്‍ നിന്നും അദ്ദേഹം പമ്പയിലേക്ക് യാത്ര തിരിച്ചു.
ബിജെപിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും നേതാക്കള്‍ എത്തി സന്നിധാനത്ത് ആള്‍ക്കാരെ സംഘടിപ്പിക്കുന്നത് തടയാന്‍ പോലീസ് ശക്തമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും അതെല്ലാം ഇന്നലെ പാളിയിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എത്തിയാല്‍ ഏതുവിധേനെയും അവരെ തടയുക എന്ന പോലീസ് തന്ത്രത്തെ ദേശീയ നേതാക്കളെ എത്തിച്ചു തടയാനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്താനാണ് എത്തിയതെങ്കിലും ദേശീയ നേതാക്കളെ ശബരിമലയില്‍ എത്തിക്കുക എന്ന ബിജെപിയുടെ തന്ത്രം കൂടിയാണ് ഇതെന്നും വിലയിരുത്തുന്നുണ്ട്.
ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ മണ്ഡലകാലം തുടങ്ങിയതിന് പിന്നാലെ നാലാം ദിവസവും സന്നിധാനം സംഘര്‍ഷത്തില്‍ പുകയുകയാണ്. ആദ്യ ദിവസം മല കയാറാന്‍ എത്തിയ തൃപ്തിദേശായിയെ തിരിച്ചയച്ചിരുന്നു. പിന്നാലെ കെട്ടുമായി എത്തിയ ശശികലയെയും അറസ്റ്റ് ചെയ്തു. രണ്ടാം ദിവസം കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെയാണ് ഇന്നലെ രാത്രി വലിയ നടപ്പന്തലില്‍ നിന്നും 72 പേരെയും പോലീസ് അറസ്റ്റ് ചെയ്ത് മണിയാര്‍ ക്യാമ്പില്‍ എത്തിച്ചത്. നാലാം ദിവസം അല്‍ഫോണ്‍സ് കണ്ണന്താനവും ശശികലയും സന്നിധാനത്തേക്ക് പോയിരിക്കുകയാണ്. പുതിയ സാഹചര്യത്തല്‍ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അന്യ സംസ്ഥാനക്കാരാണ് കൂടുതല്‍.






