
ഏഷ്യാക്കപ്പില്‍ തായ്ലന്റിനെ 4-1 ന് തറപറ്റിച്ച് ഇന്ത്യ മൂമ്പോട്ട് പോയപ്പോള്‍ മുന്‍ നായകനും ഇന്ത്യയുടെ സൂപ്പര്‍താരവുമായി സുനില്‍ ഛേത്രി രാജ്യാന്തരഗോള്‍ നേട്ടത്തിന്റെ കാര്യത്തില്‍ മറികടന്നത് ഇതിഹാസതാരം അര്‍ജന്റീനയുടെ ലയണേല്‍ മെസ്സിയെ. ഇനി മുന്നിലുള്ളതാകട്ടെ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും. തായ്ലന്റിനെതിരേ ഇരട്ടഗോള്‍ നേടിയ താരത്തിന്റ സമ്പാദ്യം ഇതോടെ 67 ഗോളായി.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍ എന്ന തന്റെ പദവി അന്വര്‍ത്ഥമാക്കുന്നത് ആയിരുന്നു ഇന്നലെ ഛേത്രിയുടെ കളി. 104 ാമത്തെ മത്സരത്തിലാണ് ഛേത്രി മെസ്സിയെ മറികടന്നത്. മത്സരം തുടങ്ങും മുമ്പ് 65 ഗോളുകളുമായി മെസ്സിക്കൊപ്പം ആയിരുന്നു ഛേത്രി. ഏറ്റവും മുന്നില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. 85 ഗോളുകളാണ് ക്രിസ്ത്യാനോ രാജ്യത്തിനായി കുറിച്ചത്. ഇന്നലെ ഇരട്ടഗോളുകള്‍ നേടിയ ഛേത്രി 27 ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. 46 ാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോള്‍.
ക്രിസ്ത്യാനോ, മെസ്സി, ഛേത്രി എന്നിവരെല്ലാം 34 വയസ്സില്‍ എത്തി നില്ക്കുന്നു. 154 മത്സരങ്ങളില്‍ നിന്നുമാണ് 85 ഗോള്‍ നേട്ടം ഉണ്ടാക്കിയത്. സെക്കന്ദരാബാദില്‍ 1984 ല്‍ ജനിച്ച ഛേത്രി 2004 ല്‍ അണ്ടര്‍ 20 ടീമിലൂടെയാണ് ഇന്ത്യന്‍ കുപ്പായത്തിലേക്ക് വന്നത്. അണ്ടര്‍ 23 ടീം കളിച്ച മത്സരത്തില്‍ പാകിസ്താനെതിരേ സാഫ് ഗെയിംസിലായിരുന്നു ആദ്യം കളി. ഈ ടൂര്‍ണമെന്റില്‍ ഭൂട്ടാനെതിരേ ഇരട്ടഗോള്‍ നേടി. 2005 ജൂണ്‍ 12 ന് ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി ആദ്യം സ്കോര്‍ ചെയ്തതും പാകിസ്താനെതിരേ ആയിരുന്നു. 2007 ലെ നെഹ്രു കപ്പില്‍ കംബോഡിയയെ 6-0 ന് തകര്‍ത്തപ്പോള്‍ ഇന്ത്യയ്ക്കായി ഇരട്ടഗോള്‍ നേടാനും ഛേത്രിക്ക് കഴിഞ്ഞിരുന്നു.
എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ ജയത്തോടെ തകര്‍പ്പന്‍ തുടക്കം ഉണ്ടാക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. അടുത്ത മത്സരത്തില്‍ യുഎഇ യെയും ബഹ്റിനെയും സമനിലയില്‍ കുടുക്കിയാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിക്കാനാകും. നിലവാരം ഏറെ മുന്നിലായ കളിയായിരുന്നു ഇന്ത്യ തായ്ലന്റിനെതിരേ പുറത്തെടുത്തത്. രണ്ടാം പകുതിയിലെ ബോള്‍ പൊസഷന്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. രണ്ടാം പകുതിയില്‍ 65 ശതമാനവും ബോള്‍ ഇന്ത്യന്‍ കാലുകളില്‍ ആയിരുന്നു.




