
ആലപ്പുഴ: പ്രളയദുരിതത്തില്‍ മെയ്യും മനവും തളര്‍ന്ന കുട്ടനാടിനും നെല്‍കൃഷി മേഖലയ്ക്കും ആറു മാസത്തിനിപ്പുറം ഉയിര്‍പ്പിന്റെ നൂറുമേനി. പതിവിലും കനമുള്ള കതിര്‍ക്കുലകള്‍ എങ്ങും ലഭിച്ചതോടെ വിളവെടുപ്പ് ഉത്സവത്തിമിര്‍പ്പില്‍. പല പാടശേഖരങ്ങളിലും ഹെക്ടറിന് എട്ടു ടണ്ണിലധികം നെല്ല് ലഭിച്ചതായി കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലിത് മൂന്നര-നാല് ടണ്ണായിരുന്നു.
കഴിഞ്ഞ പുഞ്ചകൃഷി സീസണിലേക്കാള്‍ 7000 ഹെക്ടര്‍ പാടത്ത് അധികമായി വിത്ത് വിതച്ചതിലൂടെ ഇത്തവണ 65,000 ടണ്‍ നെല്ല് കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ആലപ്പുഴ ജില്ലയില്‍ 35000 ടണ്ണും കോട്ടയത്ത് 20000 ടണ്ണും പത്തനംതിട്ടയില്‍ 10,000 ടണ്ണുമാണ് ഇത്തരത്തില്‍ കൂടുതലായുള്ള പ്രതീക്ഷ.
പ്രളയശേഷം മടകുത്ത് ഉള്‍പ്പടെ അധ്വാനമേറിയ ജോലികള്‍ പൂര്‍ത്തിയാക്കി കുട്ടനാട്ടില്‍ മാത്രം 30,000 ഹെക്ടറിലാണു വിതച്ചത്. വിത്തും വളവും കുമ്മായവും കൃഷി വകുപ്പ് സൗജന്യമായി നല്‍കി. ആകെ നല്‍കിയ 68,000 ടണ്‍ വിത്തില്‍ 90 ശതമാനവും ഉമ ഇനമായിരുന്നു.
പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കുട്ടനാട്ടില്‍ ഉണ്ടായത്. ആഴ്ചകളോളം കെട്ടിനിന്ന വെള്ളം ഇറങ്ങിയതിനു പിന്നാലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമുണ്ടായി. എല്ലാറ്റിനെയും അതിജീവിച്ച് കൃഷിയിറക്കി. കാലാവസ്ഥയും അനൂകുലമായി. ഫലം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിളവായിരുന്നു.
സമീപദിവസങ്ങളിലുണ്ടായ വേനല്‍മഴയും നെല്ല് സംഭരണത്തിലെ കാലതാമസവും ഇപ്പോള്‍ നേരിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഏകദേശം 45 സ്വകാര്യ മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. മേയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വിളവെടുപ്പ് പൂര്‍ത്തിയാകും.






