
മാഡ്രിഡ്: ആദ്യപാദ മത്സരത്തില്‍ സ്വന്തം മണ്ണിലേറ്റ 2-1 ന്റെ പരാജയം രണ്ടു മടങ്ങായി തിരിച്ചുനല്‍കി യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഡച്ച് ക്ളബ്ബ് അയാക്സ് ആംസ്റ്റര്‍ഡാം ചാമ്പ്യന്മാരായ റയല്‍മാഡ്രിഡിനെ ചവുട്ടിപ്പുറത്താക്കി. ക്രിസ്ത്യാനോ റൊണാള്‍ഡോ പോയതോടെ തിരിച്ചടികളുടെ പരമ്പര മുന്നില്‍ കാണുന്ന റയല്‍ മാഡ്രിഡ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒന്നിനെതിരേ നാലു ഗോളുകളാണ് പരാജയപ്പെട്ടത്.
ഇതോടെ 3-5 എന്ന അഗ്രിഗേറ്റ് സ്കോര്‍ സ്വന്തമാക്കി ഡച്ച് ക്ളബ്ബ് കാ്രര്ട്ടറില് കടന്നു. സിയേക്ക്, നെരെസ്, ടാഡിക്, ഷോണ്‍ എന്നിവര്‍ അയാക്സിനായി സ്കോര്‍ ചെയ്തപ്പോള്‍ അസെന്‍സിയോയുടെ വകയായിരുന്നു റയലിന്റെ ഗോള്‍. കളിയുടെ തുടക്കത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ സിയേക്കിലൂടെ മുന്നിലെത്തിയ അയാക്സ് പത്തു മിനിറ്റിനുള്ളില്‍ രണ്ടാമത്തെ ഗോള്‍ നെരേസിലൂടെയും നേടി. രണ്ടാം പകുതിയിലായിരുന്നു ടാഡിക്കിന്റെയും ഷോണിന്റെയും ഗോളുകള്‍. ഇതോടെ 13 വട്ടം ചാമ്പ്യന്മാരായ റയല്‍ 22 വര്‍ഷത്തിനിടയില്‍ നോക്കൗട്ടില്‍ ആദ്യമായി പുറത്തായി.
തുടര്‍ച്ചയായി നാലാം തവണ ചാമ്പ്യന്മാരാകാന് എത്തിയ റയലിന് ഇതോടെ ഒരു കിരീടവും ഇല്ലാതെ ഈ സീസണ് പൂര്‍ത്തിയാക്കേണ്ടി വരും. കഴിഞ്ഞയാഴ്ച ബാഴ്സിലോണയോട് സെമിയില്‍ രണ്ടു പാദത്തിലും പരാജയപ്പെട്ട് കിംഗ്സ് കപ്പില്‍ നിന്നും റയല്‍ പുറത്തായിരുന്നു. ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനും പിന്നില്‍ മൂന്നാമത് നില്ക്കുന്ന റയല്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സിലോണയുമായി ബഹുദൂരം പിന്നിലാണ് താനും. ഈ വിജയത്തോടെ ആദ്യപാദം നാട്ടില്‍ പരാജയപ്പെട്ട ശേഷം എതിരാളികളുടെ മണ്ണില്‍ തിരിച്ചടിച്ച് ജയിക്കുന്ന ടീമെന്ന നേട്ടം അജാക്സ് സ്വന്തമാക്കി.






