
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ കിംഗ്സ് ഇലവണ്‍ പഞ്ചാബ് നായകന് ആര് അശ്വിന് പുറത്താക്കിയ രീതി വന്‍ വിവാദത്തിന് തുടക്കമിട്ടിരിക്കെ ഇരുവരും ഈ രീതിയില്‍ പങ്കാളികളാകുന്നത് ഇത് രണ്ടാം തവണ. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന് ഈ രീതി ഇത് രണ്ടാം തവണ പരീക്ഷിച്ചപ്പോള്‍ ജോസ് ബട്ളര്‍ ഈ രീതിയില്‍ പുറത്താകുന്നതും രണ്ടാം തവണ. നേരത്തേ രാജ്യാന്തര മത്സരത്തിലാണ് അശ്വിന് ഇത് പരീക്ഷിച്ചതെങ്കില്‍ ബട്ളര്‍ ആദ്യം പുറത്തായതും ഇംഗ്ലണ്ടിന്റെ മത്സരത്തില്‍ ആയിരുന്നു.
ഐപിഎല്ലില്‍ ഇന്നലെ കിംഗ്സ് ഇലവണ്‍ പഞ്ചാബിന് വേണ്ടി അശ്വിന് ബൗള്‍ ചെയ്യുമ്പോള്‍ ഓപ്പറായിരുന്നു ബട്ലര്. 13 ാം ഓവറിലെ ഈ പുറത്താക്കല്‍ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. 43 പന്തില്‍ 69 റണ്‍സ് എന്ന നിലയില്‍ 10 ഫോറും രണ്ടു സിക്സുമടിച്ച് മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് ബട്ളറെ അശ്വിന് പുറത്താക്കിയത്. മത്സരം രാജസ്ഥാന് റോയല്‍സ് പരാജയപ്പെടുകയും ചെയ്തു.
അശ്വിന് ബൗള്‍ ചെയ്യുമ്പോള്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലായിരുന്നു ബട്ലര്. അഞ്ചാം പന്തിനായി അശ്വിന് ആക്ഷന്‍ തുടങ്ങുമ്പോള്‍ ബട്ലര് ഓടാനായി ശ്രമം തുടങ്ങി. ഇതോടെ പന്ത് പൂര്‍ത്തിയാക്കാതെ ബട്ലറെ സ്റ്റമ്പ് ചെയ്ത അശ്വിന് മങ്കാദിങ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ബൗള്‍ ചെയ്യാന്‍ ഓടിയെത്തിയ അശ്വിന് ക്രീസില്‍ കാല് കുത്തുമ്പോള്‍ ബട്ളര്‍ ക്രീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബൗളിംഗ് ആക്ഷന്‍ എടുക്കുമ്പോള്‍ ബട്ളര്‍ ക്രീസ് വിട്ടു. തുടര്‍ന്ന് ബോള്‍ കയ്യില്‍ നിന്നും വിടാതെ ബൗളര്‍ ബെയ്ല്‍സ് എടുക്കുകയായിരുന്നു. ബട്ലര് ക്രീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വേണ്ടി അശ്വിന് കാത്തിരുന്നുവെന്നത് റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു.
ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇതേ രീതിയില്‍ പുറത്താക്കാന്‍ അശ്വിന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വീരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. രണ്ടാം തവണയാണ് ജോസ് ബട്ളര്‍ ഈ രീതിയില്‍ പുറത്താകുന്നത്. നേരത്തേ 2014 ല്‍ ശ്രീലങ്ക - ഇംഗ്ളണ്ട് ഏകദിനത്തിലായിരുന്നു ഇത് സംഭവിച്ചത്. ശ്രീലങ്കന്‍ താരം സചിത്രാ സേനാ നായകെ ബൗള്‍ ചെയ്യും മുമ്പ് ക്രിസില്‍ നിന്നും ഇറങ്ങിയ ബട്ളറെ മങ്കാദിംഗ് സ്റ്റംപിംഗ് നടത്തിയിരുന്നു.
1947 ല്‍ ഇന്ത്യന്‍ ബൗളര്‍ വിനൂ മങ്കാദ് നടത്തിയതിനാലാണ് ഇത്തരം പുറത്താക്കലിനെ മങ്കാദിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഓസ്ട്രേലിയന്‍ ബൗളര്‍ ബില്‍ ബ്രൗണായിരുന്നു ആദ്യ ഇര. ഒരു തവണയല്ല, രണ്ടു തവണയായിരുന്നു ബില്‍ ബ്രൗണിനെ മങ്കാദ് പുറത്താക്കിയത്. ആദ്യം വാം അപ്പ് മത്സരത്തിലും പിന്നീട് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും. മങ്കാദിനെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ ഈ സ്റ്റംപിംഗിന് അവര്‍ ‘മങ്കാദിംഗ്’ എന്ന പേരും നല്കി. അതേസമയം വാം അപ്പ് മത്സരത്തില്‍ തന്നെ ബ്രൗണിന് വാണിംഗ് നല്കിയ ശേഷമാണ് മങ്കാദ് ഇത് ചെയ്തത്.
ഓസീസ് മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞെങ്കിലും മങ്കാദിനെ അനുകൂലിച്ചും ആള്ക്കാര് രംഗത്തു വന്നു. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനായിരുന്നു അവരില്‍ ഒരാള്‍. ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ദേവും ഇതേ തന്ത്രം പരീക്ഷിച്ചയാളാണ്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗാരി കിര്‍സ്റ്റനെ 1992 ല്‍ നടന്ന ഒരു സൗഹൃദ പരമ്പരയിലാണ് കപില്‍ പുറത്താക്കിയത്. ബൗള്‍ ചെയ്യാന്‍ ക്രീസിലേക്ക് ഓടിയെത്തിയ കപില്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി സ്റ്റംപ് ചെയ്യുകയായിരുന്നു. അതേസമയം കളിയില്‍ രണ്ടു തവണ
കിര്സ്റ്റന് ഇക്കാര്യത്തില്‍ കപില്‍ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും തുടര്‍ന്നതോടെയാണ് കപില്‍ കിര്‍സ്റ്റനെ മങ്കാദിംഗ് നടത്തിയത്.
ഈ പുറത്താക്കല്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും മാന്യന്മാരുടെ കളി എന്നു വിശേഷണമുള്ള ക്രിക്കറ്റില്‍ ഈ പുറത്താക്കല്‍ മാന്യതയ്ക്ക് നിരക്കാത്തതാണെന്നാണ് വിലയിരുത്തല്‍. ഇങ്ങിനെ ചെയ്യുന്ന കാര്യത്തില്‍ അശ്വിനും ഇരയാകുന്ന കാര്യത്തില്‍ ബട്ളറും രണ്ടു തവണ നേരിട്ട സംഭവം പക്ഷേ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാണ്. ഇന്ത്യന്‍ ടീമിനായി 222 തവണ കളിച്ചിട്ടുള്ള അശ്വിനേ പോലെ ഒരാള്‍ കളിയെ നാണം കെടുത്തി എന്നും നായകനായും വ്യക്തിപരമായും നിരാശപ്പെടുത്തുന്ന കാര്യം എന്നാണ് ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍വോണ്‍ പറഞ്ഞത്. എന്നാല്‍ അത് അശ്വിന്റെ കുറ്റമല്ലെന്നും കളിയുടെ നിയമം അനുശാസിക്കുന്നതേ അശ്വിന് ചെയ്തുള്ളൂ എന്നും ഇത് നിയമമാക്കിയവരെ വേണം പറയാന്നെും ഓസ്ട്രേലിയയുടെ മുന്‍ ബാറ്റ്സ്മാന് ഡീന്‍ ജോണ്‍സ് പറയുന്നു.