
കോട്ടയം: ജലന്ധര്‍ രൂപതാ വൈദികന് ഫാ.ആന്റണി മാടശ്ശേരില്‍ കണക്കില്‍പെടാത്ത 10 കോടിയോളം രൂപ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സഹോദയ സംഘടന. 'സഹോദയ കമ്പനിയില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് റെയ്ഡുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ ആന്റണി മാടശ്ശേരില്‍ അറസ്റ്റിലാണെന്നും പോലീസ് കസ്റ്റഡിയില്‍ ആണെന്നും രേഖയില്ലാത്ത പണമാണ് പിടിച്ചെടുത്തതെന്നുമുള്ള വാര്‍ത്ത വ്യാജവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് അറിയിച്ചുകൊള്ളുന്നു' എന്നാണ് സഹോദയ ഡയറക്ടര്‍ ഫാ.ജോസ് പി. പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍, വാഹന പരിശോധനയ്ക്കിടെയാണ് മൂന്നു കാറുകളില്‍ കടത്താന്‍ ശ്രമിച്ച 9,66,61,7000 രൂപ പിടിച്ചെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയും റോഡില്‍ പട്രോളിംഗും ശക്തമാക്കിയിരുന്നു. വാഹനങ്ങളില്‍ കള്ളപ്പണം കടത്തുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും പണം കണ്ടെടുത്തതെന്നും ഖന്ന എസ്.എസ്.പി ദ്രവ് ദഹിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പണവും പിടിയിലായവരെയും എന്‍ഫോഴ്സ്മെന്റിനും ആദായ നികുതി അധികൃതര്‍ക്കും കൈമാറിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
വെളളിയാഴ്ച വൈകിട്ടാണ് ഫാ.മാടശ്ശേരില്‍ അടക്കം ആറു പേര് പോലീസിന്റെ പിടിയിലായത്. പ്രതാപ് പുരിയില്‍ സഹോദയ ഗ്രൂപ്പിന്റെ ഓഫീസും വൈദിക മന്ദിരവും സ്ഥിതിചെയ്യുന്ന ഓഫീസില്‍ കയറി പോലീസ് യൂണിഫോമില്‍ എത്തിയ അജ്ഞാത സംഘം വൈദികനടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയെന്നും സ്കൂളിലേക്ക് സ്റ്റേഷനറി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സ്വരൂപിച്ചിരുന്ന പണവും കടത്തിക്കൊണ്ടുപോയെന്നും കാണിച്ച് ഇന്നലെ വൈകിട്ട് സഹോദയ ഗ്രൂപ്പ് ചൗകി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.






