
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ യുദ്ധക്കപ്പല്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി സ്വകാര്യ ടാക്സിയായി ഉപയോഗിച്ച് വിനോദയാത്രയ്ക്ക് കൊണ്ടുപോയെന്ന നരേന്ദ്രമോഡിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസിന്റെ ഐടി വിഭാഗം മേധാവിയും തെന്നിന്ത്യന്‍ നടിയുമായ ദിവ്യാസ്പന്ദന. കനേഡിയന്‍ പൗരത്വം ഉണ്ടെന്ന് വെളിപ്പെടുത്തിയ ബോളിവുഡ് താരം അക്ഷയ്കുമാറിനൊപ്പം പ്രധാനമന്ത്രി യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ യാത്ര ചെയ്യുന്ന ചിത്രം പുറത്തുവിട്ടാണ് പ്രതികരിച്ചത്.
'കനേഡിയന്‍ പൗരന് നിങ്ങളോടൊപ്പം നാവികസേനയുടെ യുദ്ധക്കപ്പലില്‍ നില്‍ക്കുന്നത് ശരിയാണെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തോടൊപ്പമാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിവാദം ഞങ്ങളില്‍ മിക്കവരും മറന്നിട്ടില്ലെന്നും സ്പന്ദന കുറിച്ചിട്ടുണ്ട്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പിതാവ് രാജീവ് ഗാന്ധിയുടെ കാര്യം പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിനെ മോഡി ആക്രമിച്ചതിന് തൊട്ടു പിന്നാലെയാണ് ദിവ്യാ സ്പന്ദന കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയത്. 1987 ല്‍ രാജീവ് ഗാന്ധി സ്വകാര്യ അവധിക്കാലത്തിനായി ഐഎന്‍എസ് വിരാട് യുദ്ധക്കപ്പല്‍ സ്വകാര്യ ടാക്സിയായി ഉപയോഗിച്ചു എന്നാണ് മോഡി പറഞ്ഞത്. രാജീവിനൊപ്പം കൂട്ടുകാരും ഇറ്റാലിയന്‍ അമ്മായിയമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായ 1988 ല്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ വിമര്‍ശനം.






