
സാവോപോളോ: സൂപ്പര്‍താരങ്ങളായ എഡിസണ് കവാനിയും ലൂയിസ് സുവാരസും ഗോളടിച്ച മത്സരത്തില്‍ ഉറുഗ്വേയ്ക്ക് തകര്‍പ്പന്‍ ജയം. ഇക്വഡോറിനെ 4-0 ന് തോല്‍പ്പിച്ചാണ് 15 തവണ ചാമ്പ്യന്മാരായാ ഉറുഗ്വേ കോപ്പാ അമേരിക്ക ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ചത്. മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ കരുത്തരായ പരാഗ്വേയെ 2-2 സമനിലയില്‍ പിടിച്ചു.
ബലോ ഹൊറിസോണ്ടേയില്‍ ഗ്രൂപ്പ് സിയില്‍ പത്തുപേരുമായിട്ടാണ് ഇക്വഡോര്‍ കളിച്ചത്. കളി 24 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഇക്വഡോറിന്റെ ജോസ് ക്വിന്റേരോ ചുവപ്പുകാര്‍ഡ് കണ്ടു. വാര് വഴിയായിരുന്നു റഫറി തീരുമാനം നടപ്പാക്കിയത്. കളിയുടെ ആറാം മിനിറ്റില്‍ തന്നെ നിക്കോളാസ് ലോദെയ്റോ നേടിയ ഗോളില്‍ ഉറുഗ്വേ മുന്നിലെത്തി. തൊട്ടു പിന്നാലെ 33 ാംമിനിറ്റില്‍ കവാനിയും 44 ാം മിനിറ്റില്‍ സുവാരസും ഗോളടിച്ചു. രണ്ടാം പകുതിയില്‍ ഇക്വഡോര്‍ പ്രതിരോധക്കാരന് ആര്‍ട്ടുറോ മിനയുടെ സെല്‍ഫ് ഗോള്‍ ഉറുഗ്വേയ്ക്ക് നാലാംഗോള്‍ സമ്മാനിക്കുകയും ചെയ്തു.
ഒന്നാം പകുതി തന്നെ ഉറുഗ്വേ മൂന്ന് ഗോളടിച്ചിരുന്നു. പരാഗ്വേയ്ക്കെതിരേ 2022 ലോകകപ്പ് ആതിഥേയരായ ഖത്തര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ഓസ്കാര്‍ കാര്‍ഡോസോ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയതിന് പിന്നാലെ ഡെര്‍ലിസ് ഗോണ്‍സാലസിലൂടെ പരാഗ്വേ വീണ്ടും മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ അല്‍മോസ് അലിയിലൂടെ ഒരു ഗോള്‍ മടക്കിയ ഖത്തറിന് റോഡ്രിഗോ റോജാസിന്റെ സെല്‍ഫ് ഗോള്‍ സമനില സമ്മാനിച്ചു. കോപ്പാ അമേരിക്കയില്‍ കളിക്കുന്ന അതിഥി ടീമുകളില്‍ ഒന്നാണ് ഖത്തര്‍. മറ്റൊരു ടീം ജപ്പാനാണ്.






