
ആന്‍ഫീല്‍ഡ്: റണ്ണറപ്പുകളായ ലിവര്‍പൂളിന്റെ ഉജ്വല വിജയത്തോടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പുതിയ സീസണ് തുടക്കമായി. സ്ഥാനക്കയറ്റം കിട്ടി എത്തിയ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ടായിരുന്നു ചെമ്പട ആദ്യം വിജയം നുകര്‍ന്നത്. മുഹമ്മദ് സലായും ഒറീഗിയും വാന്‍ ജിക്കും ലിവര്‍പൂളിനായി സ്കോര്‍ ചെയ്തപ്പോള്‍ പുക്കിയുടെ ഗോളായിരുന്നു നോര്‍വിച്ചിന്റെ ആശ്വാസം.
എതിരാളികളുടെ നായകന് ഹാല്ലിയുടെ സെല്‍ഫ് ഗോളില്‍ ഏഴാം മിനിറ്റു മുതല്‍ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. തകര്‍ത്തു കളിച്ച ഒറീഗിയുടെ ഒരു ക്രോസില്‍ അബദ്ധത്തില്‍ കാലുവെച്ചതിനെ തുടര്‍ന്നാണ് ഹാന്‍ലി ഗോളിലേക്ക് പന്തു തട്ടിയിട്ടത്. തൊട്ടു പിന്നാലെ 19 ാം മിനിറ്റില്‍ മുഹമ്മദ് സലാ സീസണിലെ ആദ്യ ഗോള്‍ നേടി. ഫിര്‍മിനോ - സലാ സഖ്യത്തിന്റെ മുന്നേറ്റത്തിനിടിയില് ബോക്സിനുള്ളില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ സലായുടെ ആംഗിള്‍ ഷോട്ട് വലയില്‍ എത്തി. ഒമ്പതു മിനിറ്റിനു ശേഷം ലിവര്‍പൂള്‍ വീണ്ടും ഗോള്‍ നേടി.
സലാ എടുത്ത കോര്‍ണറില്‍ തലവെച്ച് പ്രതിരോധ താരം വാന്ജിക്കാണ് ഗോള്‍ നേടിയത്. ആദ്യ പകുതി പിരിയും മുമ്പ് തന്നെ ബല്‍ജിയന്‍ താരം ഡിവോക് ഒറീഗിയും ഗോള്‍ പട്ടികയില്‍ പേരെഴുതി ചേര്‍ത്തു. ആദ്യ പകുതിയില്‍ അത്യദ്ധ്വാനം ചെയ്ത ഒറീഗി ട്രെന്റ് അലക്സാണ്ടര്‍ നല്കിയ ഒരു മികച്ച പന്തില്‍ ടീമിന്റെ അവസാനത്തേതും നാലാമത്തേതുമായ ഗോള്‍ നേടി. ആദ്യം മുതല്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടും സ്കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന നോര്‍വിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി. 64 ാം മിനിറ്റില്‍ പുക്കി ഗോള്‍ നേടി.






