
കൊച്ചി/തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനു സാധ്യതയേറി. നിര്‍മാണക്കമ്പനിക്കു മുന്‍കൂര്‍ പണം നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്നു പൊതുമരാമത്തുവകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
മുന്‍മന്ത്രിയും എം.എല്‍.എയുമായ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വന്കോളിളക്കമുണ്ടാക്കുമെന്നതിനാല് രാഷ്ട്രീയതീരുമാനത്തിനു കാക്കുകയാണു വിജിലന്‍സ്. ചോദ്യംചെയ്യലിനു ഹാജരാകാന്‍ അദ്ദേഹത്തിന് ഉടന്‍ നോട്ടീസ് നല്‍കും. വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത്, ഐ.ജി: എച്ച്. വെങ്കിടേഷ്, എസ്.പി: വി.ജി. വിനോദ്കുമാര്‍, ഡി.വൈ.എസ്.പി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗം അന്വേഷണപുരോഗതി വിലയിരുത്തി.
ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നു യോഗത്തിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായാണു സൂചന. ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് മുന്‍ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യംചെയ്യും. നിലവില്‍ കൊച്ചി മെട്രോ റെയില്‍ എം.ഡിയാണു ഹനീഷ്. ഒന്നരയാഴ്ച മുമ്പ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തു രണ്ടരമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.
വകുപ്പുമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ മാത്രമാണു നിര്‍വഹിച്ചതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. മന്ത്രിയെന്ന നിലയില്‍ പാലത്തിന്റെ പണികളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. പഴുതടച്ചുള്ള അറസ്റ്റിനാണു വിജിലന്‍സ് നീക്കം. പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു യു.ഡി.എഫ്. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വിജിലന്‍സ് ഇഴകീറി പരിശോധിക്കും.
െഹെക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ഇന്നലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടുമാണു സൂരജ് മുന്‍മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയത്. സൂരജ് മാധ്യമങ്ങളോടു പ്രതികരിക്കുമ്പോള്‍ തിരുവനന്തപുരത്തെ എം.എല്‍.എ. ക്വാര്‍ട്ടേഴ്സിലായിരുന്നു കളമശേരിയിലെ മുസ്ലിം ലീഗ് എം.എല്‍.എ. കൂടിയായ ഇബ്രാഹിംകുഞ്ഞ്.
തുടര്‍ന്ന് ആലുവയിലേക്കു പോയ അദ്ദേഹം അഭിഭാഷകനുമായി കൂടിയാലോചനകള്‍ നടത്തിയതായാണു സൂചന. നേതാവിന്റെ അറസ്റ്റ് തടയാന്‍ ലീഗിന്റെ നേതൃത്വത്തില്‍ അണിയറനീക്കങ്ങളും സജീവമാണ്. സര്‍ക്കാരിനാകെ നാണക്കേടുണ്ടാക്കിയ കേസില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.






