
ന്യൂഡല്ഹി: ഹോസ്റ്റല് ഫീസ് വര്ധനയ്ക്കെതിരേ ഡല്ഹി ജവാഹര്ലാല് നെഹ്റു സര്വകലാശാലയിലെ വിദ്യാര്ഥിസമരം 17 ാം ദിവസത്തിലേക്ക്. ഇന്ന് മുതല് ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് ഉപരോധിച്ചു കൊണ്ട് വിദ്യാര്ത്ഥികള് സമരം ചെയ്യും. ജെഎന്യു അദ്ധ്യാപക അസോസിയേഷനും വിദ്യാര്ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്നലെ വിദ്യാര്ത്ഥികള് നടത്തിയ ഒമ്പതു മണിക്കൂര് നീണ്ട ഉപരോധത്തില് കേന്ദ്രമന്ത്രി രമേഷ് പൊഖറിയാല് കുടുങ്ങിയിരുന്നു.
വൈസ് ചാന്ലറെ പുറത്താക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. ഹോസ്റ്റല്ഫീസ് കുത്തനെ കൂട്ടുന്നത്, ഹോസ്റ്റലില് നിയന്ത്രണം കൊണ്ടുവരല്, ക്യാമ്പസിലെ ഡ്രസ്കോഡ് എന്നിവയാണ് വിദ്യാര്ത്ഥികളുടെ എതിര്പ്പിന് കാരണമായിരിക്കുന്നത്. 2500 രൂപയായിരുന്ന ഹോസ്റ്റല് ഫീസ് ഏഴായിരത്തിലേറെയായി വര്ധിപ്പിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഫീസ് വര്ധനയ്ക്കു പുറമേ ഹോസ്റ്റല് നിയമപരിഷ്കരണം, വസ്ത്രധാരണ നിയന്ത്രണം എന്നിവയ്ക്കെതിരേയാണു വിദ്യാര്ഥികള് പ്രതിഷേധിച്ചത്.
യൂണിയനുമായി ആലോചിക്കാതെ തീരുമാനങ്ങള് എടുക്കുകയും നടപ്പിലാക്കാന് ശ്രമിക്കുകയുമാണെന്നാണ് ആരോപണം. വിഷയത്തില് ചര്ച്ചയ്ക്ക് പോലും വൈസ് ചാന്സലര് തയ്യാറാകുന്നില്ലെന്നും വിദ്യാര്ത്ഥികള് ആരോപിച്ചു. ഒരാഴ്ചയായി നടന്നുവന്ന വിദ്യാര്ഥിസമരം ഇന്നലെ അക്രമാസക്തമായി. എ.ഐ.സി.ടി.ഇ. ഓഡിറ്റോറിയത്തില് നടന്ന ബിരുദദാനച്ചടങ്ങിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. തുടര്ന്നു നടന്ന സെമിനാറിലും പങ്കെടുത്ത കേന്ദ്രമന്ത്രിക്ക്, വിദ്യാര്ഥികള് ഇരച്ചെത്തിയതോടെ പുറത്തുകടക്കാനായില്ല. പ്രതിഷേധക്കാരെ നേരിടാന് പോലീസിനു പുറമേ കേന്ദ്രസേനയേയും നിയോഗിക്കേണ്ടിവന്നു. തുടര്ന്ന വിദ്യാര്ത്ഥികളെ മര്ദ്ദിച്ചും വലിച്ചിഴച്ചു നീക്കിയുമാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടു പോയത്. മന്ത്രി ആറുമണിക്കൂര് കാമ്പസില് കുടുങ്ങി. രാവിലെ 11-നു മുമ്പ് കാമ്പസിലെത്തിയ കേന്ദ്രമന്ത്രിക്ക് െവെകിട്ട് അഞ്ചിനാണു പുറത്തുകടക്കാനായത്.
ഓഡിറ്റോറിയത്തില് കുടുങ്ങിയ കേന്ദ്രമന്ത്രിയുടെ മറ്റു രണ്ടു പരിപാടികള് റദ്ദാക്കേണ്ടിവന്നു. പോലീസ് ബാരിക്കേഡുകള് തകര്ത്താണു വിദ്യാര്ഥികള് കാമ്പസിലെത്തിയത്. ലാത്തിയും ജലപീരങ്കിയുമായി പോലീസ് നേരിട്ടതോടെ സംഘര്ഷം രൂക്ഷമായി. മന്ത്രിയെ പുറത്തുകടത്താന് ജെ.എന്.യു. വിദ്യാര്ഥി യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷിനോടും െവെസ് പ്രസിഡന്റ് സാകേത് മേനോനോടും പോലീസ് സഹായം തേടിയെങ്കിലും സമരക്കാര് വഴങ്ങിയില്ല.
െവെസ് ചാന്സലര് എം. ജഗദേഷ്കുമാര് നേരിട്ടുവന്ന് ചര്ച്ച നടത്താതെ പിന്തിരിയില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. സംഘര്ഷത്തില് നിരവധി വിദ്യാര്ഥികള്ക്കു പരുക്കേറ്റു. ഒട്ടേറെപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെ.എന്.യു. വിദ്യാര്ഥി യൂണിയന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, ആവശ്യങ്ങള് പരിഗണിക്കാമെന്നും മന്ത്രാലയത്തില് കൂടിക്കാഴ്ച നടത്താമെന്നും ഉറപ്പുനല്കി. എന്നിട്ടും, വി.സി. കൂടിക്കാഴ്ചയ്ക്കു തയാറാകാതിരുന്നതോടെയാണു വിദ്യാര്ഥികള് പ്രതിഷേധം തുടര്ന്നത്. എ.ബി.വി.പി. ഒഴികെയുള്ള വിദ്യാര്ഥി സംഘടനകളെല്ലാം സമരത്തില് പങ്കെടുത്തതായി യൂണിയന് നേതാക്കള് പറഞ്ഞു. അവധി ദിവസമായതിനാല് ഇന്ന് ക്യാമ്പസ് പ്രവര്ത്തിക്കില്ല.







Comments