
കേരള പുലയര്‍ മഹാസഭ സുവര്‍ണ ജൂബിലി നിറവില്‍. കെ.പി.എം.എസിന്റേയും നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടേയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പുന്നല ശ്രീകുമാര്‍ സംസാരിക്കുന്നു
അടിസ്ഥാന ജനതയുടെ സാമൂഹിക നീതി പോരാട്ടത്തില്‍ ചരിത്രം രചിച്ച കേരള പുലയര്‍ മഹാസഭ സുവര്‍ണ ജൂബിലി ആഘോഷ നിറവിലാണ്. 1970 ഫെബ്രുവരിയില്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി.കെ ചാത്തന്റെ നേതൃത്വത്തിലാണ് കെ.പി.എം.എസ്. രൂപീകരിച്ചത്. അമ്പതാണ്ടിനൊടുവില് സംസ്ഥാനത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് നേതൃത്വം നല്കാന് നിയോഗിക്കപ്പെട്ടതാകട്ടെ, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എന്നാല്‍ സമിതി രൂപീകരിക്കപ്പെട്ടപ്പോഴുള്ള സന്തോഷവും പ്രതീക്ഷയും ഇന്നില്ലെന്നും പകരം ആശങ്ക മാത്രമാണെന്നും പുന്നല ശ്രീകുമാര്‍ മംഗളത്തോട് പറഞ്ഞു.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ..?
മൂന്നുനാല് മാസമായി സമിതി യോഗം ചേര്‍ന്നിട്ട്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സമിതി രൂപീകരിച്ചത്. എന്നാല്‍, അടിസ്ഥാന വിഷയങ്ങളും സാഹചര്യവുമെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ താല്പ്പര്യമില്ലായ്മയാണു തടസം. ഈ സാഹചര്യത്തില്‍ യോഗം നടത്തുന്നതില്‍ കാര്യമില്ല.
സമിതിയുടെ തുടക്കത്തിലെ ലക്ഷ്യവും പ്രതീക്ഷയും..?
സംസ്ഥാനം കണ്ട കരുത്തനെന്നു തോന്നിച്ച മുഖ്യമന്ത്രി നയിക്കുമ്പോള്‍ ലക്ഷ്യം വലുതും പ്രതീക്ഷ ഏറെയായിരുന്നു. നാലു വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന പ്രഖ്യാപനമൊക്കെ പ്രതീക്ഷ നല്‍കുന്നതായി. വനിതാ മതിലില്‍ പരമാവധി കെ.പി.എം.എസ്. പ്രവര്‍ത്തകര്‍ അണിനിരന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി നിലപാടില്‍ വെള്ളംചേര്‍ത്തു. വകുപ്പ് മന്ത്രിയും ദവസ്വം ബോര്‍ഡുമെല്ലാം പിന്നാക്കം പോയി. നാലു വോട്ടിനു വേണ്ടിയാണ് ഈ വെള്ളംചേര്ക്കലെങ്കില് സര്‍ക്കാരിനു ഖേദിക്കേണ്ടിവരും. തുടക്കത്തിലെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറിക്കഴിഞ്ഞു.
സമിതിയുടെ ഭാഗമായതില്‍ നിരാശയുണ്ടോ...?
അന്നത്തെ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനത്തിനു വേണ്ടി ഹൈന്ദവ വിഭാഗത്തില്‍നിന്ന് ആദ്യം ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയ സംഘടന കെ.പി.എം.എസ്. ആണ്. ഇതിനു ശേഷമാണു ശക്തമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലും തയാറായത്. മുഖ്യമന്ത്രി നിലപാടില്‍ വെള്ളം ചേര്‍ത്തെങ്കിലും ഞങ്ങളതിന് തയാറായിട്ടില്ല. പുതുതലമുറ ഞങ്ങളുടെ നിലപാടിനൊപ്പമായിരിക്കും. വെള്ളം ചേര്‍ക്കാതെ നിലപാടില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ഞങ്ങള്‍ ചരിത്രത്തില്‍ ഇടം നേടും. വെള്ളം ചേര്‍ത്തവര്‍ ആ നിലയ്ക്കും അറിയപ്പെടുമ്പോള്‍ ഞങ്ങള്‍ നിരാശരാകേണ്ടതുണ്ടോ...?
സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ ആലോചനയുണ്ടോ..?
അത്തരമൊരു തീരുമാനവും സംഘടന കൈക്കൊണ്ടിരുന്നു. തീരുമാനം അറിയിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. എന്നാല്‍, ശബരിമല വിഷയം മാത്രം കൈകാര്യം ചെയ്ാനല്ലയ, മറ്റു നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോകാനാണു സമിതിയെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. ഈ നിലപാടില്‍ ഞങ്ങള്‍ തൃപ്തരല്ല. നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചതിന്റെ അടിസ്ഥാനം ശബരിമല വിഷയം തന്നെയാണ്. അതുമാറ്റിവച്ചുകൊണ്ടുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍, രാജി പെട്ടെന്നെടുക്കാവുന്ന തീരുമാനവുമല്ല.
സമിതി പ്രസിഡന്റായ വെള്ളാപ്പള്ളി നടേശന്റെ നിലപാട്..?
വെള്ളാപ്പള്ളി നടേശന്റെ സംഘടനയ്ക്കു കീഴില്‍ ഒട്ടേറെ ക്ഷേത്രങ്ങളും ആചാരങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട പരിമിതികള്‍ അദേഹത്തിനും കാണും. രാഷ്ട്രീയപരമായി വേറേയും പരിമിതികളുണ്ട്. അദ്ദേഹം എല്‍.ഡി.എഫിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും മകന് തുഷാര്‍ ബി.ജെ.പി. മുന്നണിക്കു നേതൃത്വം നല്‍കുകയാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തിയതില്‍ പിന്നെ യോഗം വിളിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അദേഹത്തിന്റെയും കെ.പി.എം.എസിന്റേയും നിലപാടുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകേണ്ട സാഹചര്യവുമുണ്ടായിട്ടില്ല.
സമിതിയുടെ അധ്യക്ഷനായി തുടരുമ്പോഴും വെള്ളാപ്പള്ളിയുമായി ബി.ജെ.പി. നേതൃത്വം തുടരുന്ന ചര്‍ച്ചയുടെ രാഷ്ട്രീയമാനം..?
സമുദായപരമായ ഐക്യംകൂടി ലക്ഷ്യംവച്ചാകാം ചില ബി.ജെ.പി. നേതാക്കള്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തുന്നത്. വെള്ളാപ്പള്ളി സമിതിയുടെ പ്രസിഡന്റായി തുടരുമ്പോഴും അദ്ദേഹവുമായി ചര്‍ച്ച നടത്തിയ വി. മുരളീധരന്റെ നീക്കം സൗഹൃദസന്ദര്‍ശനം മാത്രമായി കാണാനാവില്ല. അതില്‍ രാഷ്ട്രീയമുണ്ട്. എസ്.എന്‍.ഡി.പി. യോഗത്തെയാണു ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ തുടരാനാണു സാധ്യത.
വിശാല ഹിന്ദു ഐക്യത്തിലൂന്നുന്ന ബി.ജെ.പി., കെ.പി.എം.എസ്. അടക്കമുള്ള സംഘടനകളേയും ലക്ഷ്യംവയ്ക്കുന്നുണ്ട്..?
കെ.പി.എം.എസ്. അത്തരമൊരു ചൂണ്ടയില്‍ കൊത്തില്ല. ബി.ജെ.പിയുടെ വരേണ്യവര്‍ഗ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ കെ.പി.എം.എസിന് സാധിക്കില്ല.
സംവരണത്തിലുള്ള അവരുടെ നിലപാട് പോലും ഞങ്ങള്‍ക്കെതിരാണ്. സാമ്പത്തിക സംവരണമല്ല സാമൂഹികപരമായ ഉന്നതിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ സംവരണ നയം നിലനിര്‍ത്തണമെന്നതാണ് ഞങ്ങളുടെ ആവശ്യം. പൗരത്വ നിയമത്തേയും അംഗീകരിക്കാനാവില്ല.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിനൊപ്പവും ഇപ്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനൊപ്പമുള്ള രാഷ്ട്രീയ സൗഹൃദത്തെ എങ്ങിനെ കാണുന്നു..?
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരുമായി ഞങ്ങള്‍ക്കു നല്ല ബന്ധമായിരുന്നു. പുനലൂരില്‍ കോളജ് അനുവദിച്ചുതന്നത് ആ സര്‍ക്കാരാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാടിനോട് യോജിക്കാനാകാത്തതിനാല്‍ എല്‍.ഡി.എഫ്. പക്ഷത്തേക്ക് മാറി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും കോളജില്‍ സ്റ്റാഫിന് അംഗീകാരം നല്‍കിയിട്ടില്ല. ലക്ഷ്യത്തോട് യോജിപ്പുള്ളതുകൊണ്ടും സര്‍ക്കാര്‍ നേതൃത്വം നല്കിയതുകൊണ്ടുമാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്. ജനുവരി 26ന് സി.പി.എം. നടത്തിയ മനുഷ്യശൃംഖലയിലേക്ക് ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രതിഷേധമായതിനാല്‍ പങ്കെടുത്തില്ല.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തു നിലപാടാകും സ്വീകരിക്കുക..?
തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനമാകും പ്രചാരണ വിഷയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഹചര്യങ്ങള്‍ നോക്കിയാകും പിന്തുണ. നിലവിലെ സാഹചര്യം തന്നെയാകും15 മാസത്തിന് ശേഷവുമെന്ന് കരുതാനാകില്ല. പൗരത്വ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പിണറായി വിജയനു പിന്നില്‍ അണിനിരന്നു. ഇതു വലിയ രാഷ്ട്രീയ മാറ്റമായി വിശേഷിപ്പിക്കപ്പെട്ടു.
എന്നാല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചതോടെ അവരുടെ നിലപാട് മാറി. ഇത്തരത്തില്‍ നിലപാട് മാറ്റങ്ങള്‍ ഒട്ടേറെ കാണാനുള്ളതാണ് വരാനിരിക്കുന്ന 15 മാസക്കാലം. കെ.പി.എം.എസിന്റെ അന്തിമ രാഷ്ട്രീയ നിലപാടും അപ്പോള്‍ മാത്രമാകും വ്യക്തമാക്കുക.
അടുത്ത തെരഞ്ഞെടുപ്പില്‍ താങ്കള്‍ മത്സരരംഗത്തുണ്ടാകുമോ..?
കെ.പി.എം.എസ്. പാര്‍ലമെന്ററി രംഗത്ത് നേരിട്ട് ഇടപെടാത്ത പ്രസ്ഥാനമാണ്. ഇതേ നില തുടരാന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. കെ.പി.എം.എസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലാണ് എത്തിയത്. അതുകൊണ്ട് തന്നെ ഞാന്‍ അടുത്ത തെരഞ്ഞെടുപ്പിലും മത്സരരംഗത്തുണ്ടാവില്ല. വ്യക്തിപരമായി തീരുമാനം നഷ്ടമായേക്കാമെങ്കിലും സംഘടനയുടെ പൊതു നിലപാടിനൊപ്പം നില്‍ക്കുകയാണ് എന്റെ കടമ.
ജിനേഷ് പൂനത്ത്





