
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അപരാജിതരായി മുന്നേറിക്കൊണ്ടിരുന്ന ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗില്‍ പണി കിട്ടി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡാണ് നിലവിലെ ചാംപ്യന്മാരെ കെട്ടുകെട്ടിച്ചത്. ആദ്യ പാദത്തില്‍ എതിരാളികളെ ഒരു ഗോള്‍ കടവുമായി വിട്ട അത്ലറ്റിക്കോ ഇന്നലെ രണ്ടാം പാദ മത്സരത്തില്‍ 3 - 2 നും തോല്‍പ്പിച്ചു. നെയ്മറിന്റെ ഗോളില്‍ പിഎസജിയും വിജയം നേടി.
അധിക സമയ ഗോളുകളിലൂടെയാണ് അത്ലറ്റിക്കോ ലിവര്‍പൂളിന്റെ വിധിയെഴുതിയത്. ആദ്യ പാദത്തില്‍ അത്ലറ്റിക്കോ 1-0 ന് ജയിച്ചിരുന്നു. രണ്ടാം പാദം 90 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂള്‍ 1-0 ന് മുന്നില്‍. അഗ്രിഗേറ്റ് 1 - 1 എന്നായതോടെയാണ് അധികസമയം വേണ്ടി വന്നത്. അത്യന്തം നാടകീയ രംഗംങ്ങള്‍ മാറിമറിഞ്ഞ അധികസമയമാണ് അത്ലറ്റിക്കോ ശരിക്കും മികവ് പ്രകടമാക്കിയത്. സാധാരണ സമയത്ത് വിജ്നാള്ഡത്തിന്റെ ഗോളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചതോടെയാണ് അധിക സമയത്തേക്ക് കളി നീണ്ടത്.
എക്സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ബ്രസീലിയന്‍ താരം ഫിര്‍മിനോ നേടിയ ഗോളില്‍ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ എല്ലാം വെറും പത്തു മിനിറ്റ് കൊണ്ട് മാറി മറിഞ്ഞു. 94 ാം മിനിറ്റില്‍ ഫിര്‍മിനോ നേടിയ ഗോളിന് 97 ാം മിനിറ്റില്‍ ലോറന്റേ മറുപടി പറഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലോറന്റേ വീണ്ടും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ പിന്നിലായി. രണ്ടാംപകുതിയുടെ ഇഞ്ചുറി സമയത്ത് ലിവര്‍പൂളിന്റെ ശവപ്പെട്ടിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറ്റൊരാണി കൂടി തറച്ച് വിധിയെഴുതി.
നേരത്തേ എഫ്എ കപ്പിലും ചെല്‍സിയോട് തോറ്റ് പുറത്തായ ലിവര്‍പൂളിന് ഇത് വലിയ തിരിച്ചടിയാണ്. ഇതോടെ ഈ സീസണില്‍ ഇനിയുള്ളത് പ്രീമിയര്‍ ലീഗ് കിരീടം മാത്രമാണ്. അതാകട്ടെ ഏറെക്കുറെ ഇവര്‍ ഉറപ്പിച്ചും കഴിഞ്ഞു. ജര്‍മ്മന്‍ ക്ളബ്ബ് ബോറൂഷ്യയെയാണ് ഫ്രഞ്ച് ക്ളബ്ബ് പിഎസ്ജി വീഴ്ത്തിയത്. ആദ്യ പാദത്തില്‍ 2-1 ന് തോറ്റതിന്റെ പ്രതികാരം ഏകപക്ഷീയമായ രണ്ടുഗോള്‍ ജയം കുറിച്ചാണ് പിഎസ്ജി തിരിച്ചടിച്ചത്. 28 ാം മിനിറ്റില്‍ നെയ്മറും 45 ാം മിനിറ്റി ബെര്‍നാറ്റും ഗോള്‍ കുറിച്ചു. ബോറൂഷ്യയുടെ കാന്‍ 89 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി.





