
തിരുവനന്തപുരം : സ്പ്രിംക്ലർ വിവാദത്തിൽ സർക്കാർ നിലപാടിനെ വിമര്‍ശിച്ച് സിപിഐയും. ഡേറ്റാമോഷണത്തിലൂടെ കമ്പനികള്‍ നേട്ടം കൊയ്യുന്നതായും അത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് സിപിഐ യുടെ ഒളിയമ്പ്. സിപിഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയലില്‍ സ്പ്രിംക്ലറിന്റെ പേര് പരാമർശിക്കാതെയാണ് വിമര്‍ശനം.
വിവരങ്ങളുടെ സ്വകാര്യത അതീവ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും വിവര സമ്പദ്ഘടനയുടെ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു എന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.
വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല എന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ആധാര്‍ എന്നറിയപ്പെടുന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുഐഡിഎഐ വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നാതെന്നും പറയുന്നു.
വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണെന്നും പറയുന്നു. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നതായും പറയുന്നു.






