
തമ്മിലടിക്കുന്ന രണ്ടു കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളെയും െകെവിടില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം കരാര്‍ പാലിക്കണമെന്നു ഡി.സി.സി. നേതൃത്വവും യു.ഡി.എഫ്. നേതൃത്വവും ആവശ്യപ്പെടുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ പി.ജെ. ജോസഫ് വിഭാഗത്തെയോ ജോസ് വിഭാഗത്തെയോ തള്ളാനില്ലെന്നാണു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
ഇരുവിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങളെല്ലാം അടഞ്ഞ സാഹചര്യത്തില്‍, തദ്ദേശതെരഞ്ഞെടുപ്പ് വരെ കാക്കാനാണു യു.ഡി.എഫ്. നേതൃത്വത്തിന്റെ നീക്കം. തദ്ദേശതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നോക്കി ജോസഫ്, ജോസ് വിഭാഗങ്ങളുടെ പ്രാമുഖ്യം നിശ്ചയിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന അന്ത്യശാസനം ജോസ് വിഭാഗം തള്ളിയെങ്കിലും, തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ഇരുവിഭാഗത്തെയും പിണക്കാതെ, ചര്‍ച്ചയുടെ പേരില്‍ പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകും.
ജോസ് വിഭാഗം രാജിവയ്ക്കാതെ യു.ഡി.എഫ്. യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നു ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുന്നണി ധാരണപ്രകാരം കോട്ടയം ജില്ലാപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ അധികാരം ജോസ് വിഭാഗം, ജോസഫ് വിഭാഗത്തിനു െകെമാറിയിട്ടുണ്ട്. ചങ്ങനാശേരി നഗരസഭയില്‍ കോണ്‍ഗ്രസിലെ മൂന്നംഗങ്ങള്‍ മറുകണ്ടം ചാടിയിട്ടും ജോസ് പക്ഷത്തിന്റെ പിന്തുണയിലാണു ജോസഫ് വിഭാഗം ചെയര്മാന് സ്ഥാനം നേടിയത്. ഈ ധാര്മികതയുള്പ്പെടെ ഉയര്‍ത്തിക്കാട്ടിയാണു ജോസ് വിഭാഗം കോട്ടയത്തെ അന്ത്യശാസനത്തെ പ്രതിരോധിക്കുന്നത്.
ഈ സാഹചര്യത്തില്‍, തദ്ദേശതെരഞ്ഞെടുപ്പിനു ശേഷമുള്ള ബലാബലം നോക്കി ഓരോ വിഭാഗത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്കി മുന്നണിയില്‍ ഉറപ്പിച്ചുനിര്ത്താനാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ മെല്ലപ്പോക്കില്‍ അതൃപ്തിയറിയിച്ച് പാര്‍ട്ടിയിലെ മധ്യനിരനേതാക്കളും രംഗത്തെത്തി. തദ്ദേശതെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച് സീറ്റ് നഷ്ടപ്പെട്ടാലും മുന്നിരനേതാക്കള്ക്കു പരുക്കേല്‍ക്കില്ല എന്നതിനാലാണു പ്രശ്നം വലിച്ചുനീട്ടി കൊണ്ടുപോകുന്നതെന്ന് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.





