
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യം. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചതായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചുവെങ്കിലും എന്നത്തേക്കാണ് നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കേ
ചുരുങ്ങിയ കാലത്തേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്തിയാല്‍ മതിയെന്ന നിലപാടാണ് എല്ലാ കക്ഷികളും യോഗത്തില്‍ സ്വീകരിച്ചത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി അഞ്ചു വര്‍ഷമാണെന്നും നീട്ടിക്കൊണ്ടുപോകരുതെന്നും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഏറെനാള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. എന്നാല്‍ കേരള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമപ്രകാരം പഞ്ചായത്ത് സമിതി രുപീകരിക്കാന്‍ കഴിയാതെ വന്നാല്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കേണ്ടിവരും. ഇത് ഒഴിവാക്കാന്‍ നിലവിലെ അംഗങ്ങളുടെ കാലാവധി അല്പം നീട്ടിവയ്ക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പി ഒഴികെ എല്ലാ കക്ഷികളും ഇതിനോട് യോജിച്ചുവെന്നും പ്രകാശ് ബാബു പറഞ്ഞു.
അറുപത് വയസ്സുകഴിഞ്ഞവര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ബി.ജെ.പിക്ക് താല്പര്യമില്ല. എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും ജയിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ആളുകള്‍ വോട്ടുചെയ്യാന്‍ വരണമെന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.






