
'മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയപ്പെടണം?'. അടുത്തകാലത്ത് കേരളത്തില്‍ ഏറെ പറഞ്ഞുകേട്ട വാക്കുകളാണിത്; പലരും അത് പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ പലരും പലതിനെയും ഭയപ്പെടുന്നു എന്നതല്ലേ വസ്തുത? കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോട്ടെ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ നിഴലിനെപ്പോലും ഭയപ്പെടുന്നു എന്നതാണ് സ്ഥിതി. എന്താണിതിന് കാരണം? തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടുന്ന വിഷയമാണിത്. കേരളത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ അതിന് പ്രാധാന്യമേറെയുണ്ടുതാനും. ഏറ്റവുമൊടുവില്‍, സി.ബി.ഐ. അന്വേഷണം തടയാനായി ഹൈക്കോടതിയിലെത്തിയ സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത ആഘാതം കൂടി ഓര്‍ക്കാതെ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യാനാവില്ലല്ലോ.
തിരുവനന്തപുരം വിമാനത്താവളം മുഖേനയും യു.എ.ഇ. കോണ്‍സുലേറ്റിനെ ഉപയോഗിച്ചുമുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് വെളിച്ചം കണ്ടപ്പോള്‍ തന്നെ ഏത് കേന്ദ്ര ഏജന്‍സിയും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് കേരളം സ്വീകരിച്ചത് എന്നതോര്‍ക്കുക. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതിനുശേഷമാണ്, കസ്റ്റംസ് കൈകാര്യം ചെയ്തിരുന്ന കള്ളക്കടത്തിലേക്ക് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമൊക്കെ കടന്നുവന്നത്. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സി എന്ന നിലയ്ക്ക് എന്‍.ഐ.എ. ശാസ്ത്രീയമായ നിലയ്ക്കാണ് കാര്യങ്ങള്‍ നീക്കിയത്.
ആദ്യനാളുകളില്‍ തന്നെ ഒളിവിലായിരുന്ന പ്രതികളില്‍ കുറേപ്പേര് പിടിയിലായി. പിന്നീട് അനവധി പേരെ അറസ്റ്റ് ചെയ്തു. അതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ അതിന് നേതൃത്വമേകുന്ന സി.പി.എമ്മില്‍ നിന്നോ എതിര്‍പ്പുണ്ടായില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. പക്ഷേ, ഇതിനിടയില്‍ വിദേശത്തുനിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നത്, ഈന്തപ്പഴം എത്തിച്ചത് ഒക്കെ അന്വേഷണ വിധേയമായപ്പോള്‍ പലരുടെയും മുഖം കറുക്കാന്‍ തുടങ്ങി. പിന്നെ, നേതാവിന്റെ മകനുള്ള ബംഗളുരു മയക്കുമരുന്ന് ബന്ധവും മറ്റും എന്‍ഫോഴ്സ്മെന്റ് തിരയുന്നു; മകന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് വാര്‍ത്തയും വന്നു. അതിനുപിന്നാലെയാണ് വിദേശ നാണ്യ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്.എ.) ലംഘനമുണ്ടായത്. ഇന്നിപ്പോള്‍ ഭദ്രകാളിയെ കണ്ട പിശാചിനെപ്പോലെ ഞെട്ടിത്തരിച്ചു നടക്കുകയാണ് ചിലരൊക്കെ.
** സിബിഐയെ ഭയപ്പെടുന്നോ?
ഇപ്പോള്‍ പ്രശ്നം ലൈഫ് മിഷന് പദ്ധതിക്ക് വിദേശ സഹായം ലഭിച്ചതാണ്. യു.എ.ഇ. കോണ്‍സുലേറ്റ്, റെഡ് ക്രെസന്റ് എന്നിവയ്ക്ക് അതുമായുള്ള ബന്ധം ഇതിനകം വെളിച്ചത്തായല്ലോ. വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടിയിരുന്നില്ല എന്നതാണ് കാതലായ പ്രശ്നം. അത് വ്യക്തമായപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്; സി.ബി.ഐയെ ഉപയോഗിച്ച് വേട്ടയാടാന്‍ നോക്കേണ്ട എന്നതാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനു പിന്നാലെ ഇടതുമുന്നണിയും സമാന നിലപാടെടുത്തു. എന്ത് അന്വേഷണവുമായിക്കോട്ടെ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെ സര്‍ക്കാര്‍ സി.ബി.ഐക്കെതിരേ കോടതിയിലേക്ക് പോവുന്നതും കേരളം കണ്ടു. സി.ബി.ഐ. അന്വേഷണത്തിന് നല്കിയ മുന്‍കൂര്‍ സമ്മതപത്രം പിന്‍വലിച്ചുകൊണ്ട് അന്വേഷണത്തെ പ്രതിരോധിക്കാനും ആലോചന നടന്നു. പിന്നീട് നിയമപരമായി അത് നിലനില്‍ക്കില്ലെന്ന തിരിച്ചറിവുണ്ടായി. പിന്നീടാണ് കോടതിയിലേക്ക് പോയത്; എന്നാല്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയത്. ഇതിലേറെ തിരിച്ചടി കേരളാ സര്‍ക്കാരിന് കിട്ടാനുണ്ടോ?
വിദേശത്തുനിന്ന് അനുമതി കൂടാതെ പണം കൊണ്ടുവന്ന എഫ്.സി.ആര്.എ. ചട്ടങ്ങളുടെ നഗ്നമായ ലംഘനം പുറത്തുവന്നത് യാദൃശ്ചികമായിട്ടാണ്; സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം. അതുണ്ടായില്ലെങ്കില്‍ ഈ ക്രമക്കേട് ശ്രദ്ധയില്‍ പെടാതെ പോകുമായിരുന്നു എന്നുവേണമല്ലോ കരുതാന്‍. വിദേശ പണമെത്തുന്നു, ഒരു സര്‍ക്കാര്‍ പ്ര?ജക്ടിനായിട്ട്. അതില്‍ കുറെ കോടികള്‍ കോഴയും മറ്റുമായി മറ്റുള്ളവര്‍ കൈക്കലാക്കുന്നു. വിദേശ സഹായം ലഭിച്ചാല്‍ അത് ഏത് ആവശ്യത്തിനായി ലഭിക്കുന്നോ അതിനുമാത്രമേ ചെലവിടാവൂ എന്നതാണ് ചട്ടങ്ങള്‍. ഇവിടെ രണ്ടു പ്രശ്നങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഒന്ന്, അനുമതി കൂടാതെ വിദേശത്തുനിന്ന് പണം കൊണ്ടുവന്നു; അത് വേറെ ആവശ്യങ്ങള്‍ക്ക്, അതും കോഴയായും മറ്റും ചിലവിട്ടു.
എഫ്.സി.ആര്.എ. ലംഘനമുണ്ടായാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വാഭാവികമായും നടപടിയെടുക്കാമെന്നതാണ് നിയമം. വിദേശ രാജ്യം, വിദേശ ഏജന്‍സി എന്നിവയൊക്കെ ഉള്‍പ്പെട്ട ഇടപാടായതിനാല്‍ സി.ബി.ഐ. പോലുള്ള കേന്ദ്ര ഏജന്‍സിക്കല്ലാതെ വേറെയൊരാള്‍ക്കും അന്വേഷിക്കാനാവില്ലല്ലോ. കേരളം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകള്‍ സ്വന്തമാക്കിയതും മറ്റും അധികാരമില്ലാത്തവരുടെ പുറപ്പാടായി മാത്രമേ വിലയിരുത്തപ്പെടുന്നുള്ളു.
** കേന്ദ്ര നിലപാടുകള്‍ വ്യക്തം
ഇക്കാര്യത്തിലൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ സുവ്യക്തമാണ്. അഴിമതി, ക്രമക്കേട് എന്നിവ സംബന്ധിച്ച് ഒത്തുതീര്‍പ്പില്ല എന്നതാണത്. ആറു വര്‍ഷമായിട്ടും നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലുമുയരാതിരുന്നതോര്ക്കുക. പ്രതിപക്ഷം ചില കുപ്രചരണങ്ങള്‍ നടത്തിയത് മറക്കുകയല്ല; എന്നാല്‍ സുപ്രീം കോടതി പോലും അതൊക്കെ നിരാകരിച്ചല്ലോ. ആരോപണമുയര്‍ന്നാല്‍ മുഖം നോക്കാതെ നടപടി എന്നതാണ് പ്രധാനമന്ത്രി നല്കുന്ന സന്ദേശം. ഒരു ഘട്ടത്തിലും അന്വേഷണ ഏജന്‍സികളില്‍ ഇടപെടുന്ന ശീലവും ഈ സര്‍ക്കാരിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് സര്‍ക്കാര്‍ നയം. അതുകൊണ്ടാണല്ലോ അഴിമതിക്കേസുകളില്‍ മുങ്ങിത്താഴുമ്പോഴും പ്രതിപക്ഷത്തെ പലര്‍ക്കും ഇപ്പോഴും പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത്.
കേന്ദ്ര ഏജന്‍സികളെ ആളെക്കൂട്ടി ഭീഷണിപ്പെടുത്തി നിലയ്ക്ക് നിര്‍ത്താമെന്ന വ്യാമോഹമൊന്നും നടക്കാന്‍ പോകുന്നില്ല. അന്വേഷണം നിശ്ചയിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അത് തെറ്റായ പാതയിലൂടെയാണ് നീങ്ങുന്നതെന്ന് ഒരിക്കലും ആരും പറഞ്ഞിട്ടില്ല, മുഖ്യമന്ത്രി പോലും. ഇവിടെ കുഴപ്പമുണ്ടായെങ്കില്, എന്തെങ്കിലും കുറ്റകൃത്യം നടന്നുവെങ്കില് ബന്ധപ്പെട്ടവര്‍ നിയമത്തിന്റെ മുന്നിലെത്തണം എന്നതല്ലേ ചിന്തിക്കാനുള്ളു. തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ടെങ്കില്‍ പിന്നെന്തിന് അന്വേഷണത്തിന്റെ ജാതിയും മതവുമൊക്കെ തിരയുന്നു.
കെ.വി.എസ്. ഹരിദാസ്




