
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിക്കേണ്ട കാര്യം പോലും എനിക്കില്ല. അദ്ദേഹം എന്റെ ഹൃദയത്തിലുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ഹനുമാനാണ്. വേണ്ടിവന്നാല്‍ നെഞ്ചു വലിച്ചുകീറി അത് കാണിക്കാം.'' ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു നേതാക്കള്‍ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ എന്‍ഡിഎയ്ക്ക്് കീഴില്‍ കേന്ദ്രമന്ത്രിയായിരുന്ന രാം വിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാന് പറഞ്ഞ വാക്കുകളാണ് ഇത്. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാറിനെ പൊളിക്കാനും തങ്ങള്‍ക്ക് മേല്ക്കൈയ്യുണ്ടാക്കാനും ബിജെപി ഉപയോഗിച്ച വജ്രായുധമായി മാറിയത് ചിരാഗിന്റെ എല്‍ജെപി ആയിരുന്നു.
ബീഹാറിലെ ഫലം പുറത്തു വന്നതോടെ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച 'വോട്ടു തീനി' എന്ന വിശേഷണമാണ് ചിരാഗിനെ തേടി വന്നിരിക്കുന്നത്. ഒരു സീറ്റില്‍ മാത്രം ജയിച്ച എല്‍ജെപി ജെഡിയുവിന് ഉപദ്രവം ഉണ്ടാക്കിയത് 40 സീറ്റുകളിലായിരുന്നു. ഫലം 125 സീറ്റ് നേടിയ എന്‍ഡിഎ അധികാരം നില നിര്‍ത്തിയപ്പോള്‍ ജെഡിയുവിന്റെ സീറ്റുകള്‍ 43 ആയി ചുരുങ്ങി. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയ്ക്ക് മുഖ്യമന്ത്രി ഇല്ലാതിരുന്ന ഏക സംസ്ഥാനമായ ബീഹാറില്‍ തങ്ങളുടേതായ ഇടം പിടിക്കാന്‍ ബിജെപി ഉപയോഗപ്പെടുത്തിയ ചിരാഗിന്റെ എല്‍ജെപി ദൈത്യം കൃത്യമായി നിര്‍വ്വഹിക്കുകയും ചെയ്തു. ബീഹാറില്‍ എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക എന്ന ബിജെപി സ്വപ്നം ഇതോടെ വിജയമായി.
137 സീറ്റില്‍ മത്സരിച്ച എല്‍ജെപി 40 സീറ്റുകളിലാണ് ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഇടങ്ങളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥികളെ ഇറക്കിയുമില്ല. ദര്‍ഭംഗ റൂറല്‍, എക്മ, ഗൈഘട്ട്, ഇസ്ളാംപൂര്‍, മഹാരാഷ് ഗഞ്ച്, മഹിഷി, സുല്‍ത്താന്‍ ഗഞ്ച്, സാഹേബ്പൂര്‍ കമല്‍, രാജപാക്കര്‍, മതിഹാനി, മോര്‍വ, നാഥ് നഗര്‍, പര്‍ബട്ട, ലൗക്കാഹ, മാഹ്നര്, മഹുവ, കഡ്വ തുടങ്ങി മണ്ഡിലങ്ങളിലെല്ലാം പരിക്കേറ്റു. ദര്‍ബംഗ റൂറലില്‍ ജയിച്ച ലളിത്കുമാര്‍ യാദവിന് 41.26 ശതമാനം വോട്ടുകള്‍ കിട്ടിയിരുന്നു. ജെഡിയുവിലെ ഫരസ് ഫത്ത്മിയ്ക്ക് കിട്ടിയതാകട്ടെ 39.9 ശതമാനം വോട്ട്. എന്നാല്‍ എല്‍ജെപിയുടെ പ്രദീപ് കുമാര്‍ 11.9 ശതമാനം വോട്ടുകള്‍ പിടിച്ചു. അതുപോലെ തന്നെ എക്മയില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി കമലേശ്വര് സിംഗ് 19.51 ശതമാനം വോട്ടുകള്‍ പിടിച്ചപ്പോള്‍ ജെഡിയു സ്ഥാനാര്‍ത്ഥി സീതാദേവിക്ക് കിട്ടിയത് 25.99 ശതമാനം വോട്ടുകളായിരുന്നു. അതുകൊണ്ടു തന്നെ 35.05 ശതമാനം വോട്ടുകള്‍ നേടി ആര്‍ജെഡിയുടെ ശ്രീകാന്ത് യാദവ് വിജയി്കുകയും ചെയ്തു.
ഗായ്ഘട്ടില് ആര്‍ജെഡിയുടെ നിരഞ്ജന് റോയ്ക്ക് കിട്ടിയത് 32.48 ശതമാനം വോട്ടുകള്‍. എല്‍ജെപിയുടെ കോമള്‍ സിംഗ് 20.76 ശതമാനം വോട്ടുകള്‍ പിടിച്ചപ്പോള്‍ ജെഡി യുവിന്റെ നിരഞ്ജന് റോയ് 32.48 ശതമാനം വോട്ടുകളിലേക്ക് ചുരുങ്ങി. ഇസഌംപൂരില് മത്സരിച്ച ആര്‍ജെഡി സ്ഥാനാര്‍ഥി രാകേഷ്കുമാര്‍ റോഷന് നേടിയത് 41.65 ശതമാനം വോട്ടുകള്‍. ജെഡിയുവിന്റെ ചന്ദ്രസെന്‍ പ്രസാദിന് 39.39 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എല്‍ജെപിയുടെ നരേഷ് പ്രസാദ് സിംഗ് 5.26 ശതമാനം വോട്ടു നേടി. മഹാരാജ് ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ വിജയ് ശങ്കര്‍ ദുബേ നേടിയത് 30.07 ശതമാനം വോട്ടുകള്‍. എല്‍ജെപിയുടെ ഡിയോ രഞ്ജന്‍ സിംഗ് 11.26 ശതമാനം വോട്ടുകള്‍ പിടിച്ചതോടെ ജെഡിയുവിന്റെ നാരായണ്‍ സാ 28.86 ശതമാനം വോട്ടുകളിലേക്ക് ചുരുങ്ങി. 80 സീറ്റുകളിലേക്ക് എത്തുമായിരുന്നു ജെഡിയുവിനെയാണ് 40 ല്‍ ഒതുക്കിയത്.
ജെഡിയുവുമായി സഖ്യം നില നില്‍ക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ വോട്ടുതേടുമെന്നായിരുന്നു ബിജെപി പറഞ്ഞത്. നിതീഷ്കുമാറിനെ പ്രചരണത്തിനിടെ ബിജെപി ബോധപൂര്‍വ്വം തങ്ങളുടെ പോസ്റ്ററുകളില്‍ നിന്നും ബാനറുകളില്‍ നിന്നും ഒഴിവാക്കുകയും കൂടി ചെയ്തു. സീറ്റു വിഭജന സമയത്ത് എല്‍ജെപിയെ കൂടെ കൂട്ടാന്‍ നിതീഷ്കുമാര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ബിജെപി ഒരു എതിരും പറഞ്ഞതുമില്ല. ഫലത്തില്‍ കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ എല്‍ജെപി ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജെഡിയുവിനെ തകര്‍ക്കുകയും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുകയും ചെയ്തു. നിതീഷിനെതിരേ പ്രചരണത്തില്‍ മഹാസഖ്യത്തില്‍ ആര്‍ജെഡിയ്ക്കും ഇത് തുണയായി.
നിതീഷ്കുമാറിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരേയായിരുന്നു എല്‍ജെപിയുടെ പ്രധാന ആക്രമണം. നിതീഷിന്റെ ഭരണപരാജയത്തെ വെളിപ്പെടുത്തി ക്രൂരമായി ആക്രമിച്ച എല്‍ജെപി നടത്തിയ ഒന്നുകില്‍ തനിക്ക് വോട്ടു ചെയ്യുക അല്ലെങ്കില്‍ നരേന്ദ്രമോഡിക്ക് വോട്ടു ചെയ്യുക എന്ന പ്രചരണം ഫലിക്കുകയും ചെയ്തു. എന്നാല്‍ ജെഡിയുവിന് പുറമേ എന്‍ഡിയയിലെ മറ്റ് സഖ്യകക്ഷികളായ എച്ച്എഎമ്മിനും വിഐപിയ്ക്കും എല്‍ജെപി നാശമുണ്ടാക്കി. അതേസമയം ജെഡിയുവിനെ ലക്ഷ്യമിട്ട് എല്‍ജെപിയുടെ താനും നശിക്കണം അയല്‍ക്കാരും നശിക്കണമെന്ന സിദ്ധാന്തത്തിലൂടെ പസ്വാന് തകര്‍ത്തത് സ്വന്തം ഭാവിയും പാര്‍ട്ടിയുടെ ഭാവിയും കൂടിയാണെന്ന് കരുതുന്നവരും ഏറെയാണ്.
എല്‍ജെപി വോട്ടു തീനികളായി മാറിയപ്പോള്‍ എല്‍ജെപി ജയിച്ച പാര്‍ലമെന്റ് മണ്ഡലമായ ജമുയിയില്‍ പോലും അവര്‍ക്ക് ജയിക്കാനായില്ല. ഇപ്പോള്‍ എല്‍ജെപിയെ ബിജെപിയും തള്ളിപ്പറയാന്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ തങ്ങള്‍ ഏതെങ്കിലും വിധത്തില്‍ എല്‍ജെപിയെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നതായി ജെഡിയു നേതാക്കളും പറയുന്നു.






