
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിക്കുന്നതിന് എട്ട് മാസം മുന്‍പ് പുതിയ ഇന്‍ഷുറന്‍സ് പോളിസി ചേര്‍ന്നതാണ് സി.ബി.ഐ അന്വേഷിക്കുന്നത്. പോളിസിക്കൊപ്പം നല്‍കിയിരിക്കുന്നത് ബാലഭാസ്കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമാണെന്നതാണ് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നത്.
ബാലഭാസ്കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സി.ബി.ഐ വിശദമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ ചോദ്യം ചെയ്തു.
അപകടത്തിനു ശേഷം ബാലഭാസ്കറെ ചികിത്സിച്ച ഡോക്ടര്‍മാരെയും സി.ബി.ഐ ചോദ്യം ചെയ്തു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.






