
പാലക്കാട് : പാര്‍ട്ടിയില്‍ ചേരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മെട്രോമാന് ഇ. ശ്രീധരനെ ബിജെപി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ മത്സരിപ്പിച്ചേക്കുമോ?
ഇ. ശ്രീധരന്റെ ബിജെപി പ്രവേശനം വന്‍ വാര്‍ത്തയായിരിക്കുന്ന സാഹചര്യത്തില്‍ മെട്രോമാനെ എവിടെ മത്സരിപ്പിക്കണമെന്ന ആലോചനയിലാണ് ബിജെപി. എന്നാല്‍ പൊന്നാനിയില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം ശ്രീധരന് മുമ്പോട്ട് വെച്ചതായിട്ടാണ് സൂചന. ശ്രീധരന്റെ ആഗ്രഹം പോലെ ബിജെപി കാര്യങ്ങള്‍ തിരിച്ചുവിട്ടാല്‍ വമ്പന്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി പൊന്നാനി മാറും.
പൊന്നാനി തീരെ അനുകൂലമായ മണ്ഡലമല്ലെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷണത്തിനൊരുങ്ങുന്നത്. പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നതാണ് ബിജെപിയുടെ താല്‍പ്പര്യം. ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണത്തില്‍ കുടുങ്ങി ശ്രീരാമകൃഷ്ണന് പ്രഭ നഷ്ടപ്പെട്ടു നില്ക്കുന്ന സാഹചര്യത്തില്‍ ശ്രീധരന്റെ കറയില്ലാത്ത വ്യക്തിത്വം ഗുണകരമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശ്രീരാമകൃഷ്ണനെതിരേ രൂക്ഷമായി ആരോപണവും ഏറ്റവും വലിയ പ്രതിഷേധവും തീര്‍ത്തത്് ബിജെപി ആയിരുന്നു. ഇതു ഗുണകരമാകുമെന്നും കരുതുന്നു.
പൊന്നാനിയിലെ ബിജെപിയുടെ കഴിഞ്ഞ പ്രകടനം ഒട്ടും ആശാവഹമല്ല. 15,640 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ ഇവിടെ ശ്രീരാമകൃഷ്ണന് ജയിച്ചത്. 69,000 വോട്ടുകളാണ് പി ശ്രീരാമകൃഷ്ണന് നേടിയത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്ത് ആയിപ്പോയ ബിജെപി സ്ഥാനാര്‍ത്ഥി കെ.കെ. സുരേന്ദ്രന് 11,662 വോട്ടുകളാണ് നേടാനായത്. ഈ മണ്ഡലം ഉള്‍പ്പെടുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസഌംലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ അഞ്ചുലക്ഷം വോട്ടുകളാണ് നേടിയത്. രണ്ടു ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വി.ടി. രമയ്ക്ക് കിട്ടിയത് ഒരു ലക്ഷം വോട്ടുകളാണ്.
പൊന്നാനിയില്‍ ശ്രീധരന് താല്‍പ്പര്യം പറഞ്ഞെങ്കിലും ഏറ്റവും അനുയോജ്യമായതും വിജയസാധ്യതകളും കൂടി പരിഗണിച്ച ശേഷമാകും ബിജെപി മണ്ഡല കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. തൃശൂരും തൃപ്പൂണിത്തുറയുമാണ് അദ്ദേഹത്തിനായി ബിജെപി ആദ്യം കരുതിയിരിക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലോ നഗരം പശ്ചാത്തലമായി വരുന്ന മണ്ഡലങ്ങളിലോ മത്സരിക്കാനും ശ്രീധരന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
തൃശൂരില്‍ കഴിഞ്ഞ തവണ മത്സരിച്ചത് ബി ഗോപാലകൃഷ്ണനായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. കഴിഞ്ഞ തവണ കൃഷിമന്ത്രി സുനില്‍കുമാര്‍ വിജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലിനും പിന്നില്‍ മൂന്നാമതായിപ്പോയിരുന്നു ഗോപാലകൃഷ്ണന്. 24,000 വോട്ടുകളാണ് കിട്ടിയത്. പിന്നാലെ ശബരിമല വിഷയം വന്‍ പ്രതീക്ഷ ഉയര്‍ത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് മുന്നേറാനായിരുന്നില്ല. ഇവിടെ സുരേഷ് ഗോപിയെയും ടിപി സെന്സകുമാറിനെയും ബിജെപി പരിഗണിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിലും ബിജെപിയ്ക്ക് കഴിഞ്ഞ തവണ സ്ഥിതി വിഭിന്നമായിരുന്നില്ല. എം സ്വരാജ് 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഇവിടെ മത്സരിച്ച ബിജെപിയുടെ തുറവൂര്‍ വിശ്വംഭരന് 29,000 വോട്ടുകളാണ് കിട്ടിയത്. ജയിച്ച എം സ്വരാജിന് കിട്ടിയതിന്റെ നേര് പകുതി വോട്ടുകള്‍ പോലും കിട്ടിയില്ല. എന്നാല്‍ കൊച്ചി മെട്രോയുടെയും പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടും നിരന്തരം ജനങ്ങളുടെ ഇടയില്‍ പേരുള്ള ശ്രീധരന് ഇവിടെ എവിടെയെങ്കിലും മത്സരിക്കാന്‍ എത്തിയാല്‍ കളി മാറുമെന്നാണ് ബിജെപി കരുതുന്നത്. കേരളത്തില്‍ തനിക്കുള്ള സല്‍പ്പേര് ബിജെപിയ്ക്കും ഗുണകരമാകും എന്ന് ശ്രീധരനും കരുതുന്നു.
താന്‍ ചേരുന്നതിനൊപ്പം ബിജെപിയില്‍ കൂടുതല്‍ ആള് വരുമെന്നാണ് അദ്ദേഹം കരുതുന്നത്. ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ പി.ആര്. ശിവശങ്കറിന്റെ പേരാണുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സജീവമായി ഉണ്ടാവില്ലെന്നാണ് ശ്രീധരന് പഞ്ഞത്. ഗവര്‍ണര്‍ ആകാനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വിജയയാത്രയിലും ഭാഗമാകാനില്ലെന്നും പറഞ്ഞിരുന്നു. ബിജെപിയില്‍ അംഗത്വം എടുക്കുന്നതാണ് പ്രഥമ കാര്യമെന്നും അതിന് ശേഷം പാര്ട്ടിപറയുന്നത് പോലെ തീരുമാനം എടുക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
താന്‍ ബിജെപിയില്‍ ചേരുന്നു ഒന്ന ഒറ്റ കാരണം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ശ്രീധരന് പറയുന്നത്. താന്‍ വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. മോദിയുമായി അടുത്ത ബന്ധമുണ്ട്. തനിക്ക് പരിചയമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല ബിജെപി. സത്യസന്ധത അവിടെയാണ് ഉള്ളത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളത്തില്‍ വികസനം വേണമെന്ന രീതി നടക്കില്ലെന്നും ശ്രീധരന് പറഞ്ഞു.






