
കൊച്ചി : സ്വര്ണക്കടത്തു പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന പോലീസുകാരികളുടെ വ്യാജമൊഴിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കത്തയച്ചു.
നേരത്തേ ബെഹ്റയെ നേരില്ക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണു വിശദമായ കത്തയച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്ട്ടും സ്വപ്ന എഴുതി നല്കിയ മൊഴിയടക്കം അനുബന്ധ തെളിവുകളും രേഖകളും ഡി.ജി.പിക്കു കൈമാറി. ആവശ്യം ഇനിയും അവഗണിക്കപ്പെട്ടാല് കര്ശന നടപടികളിലേക്കു കടക്കാനാണ് ആലോചന.
സ്പീക്കര് പി. ശ്രീരാമകൃഷ്ണന്, എം. ശിവശങ്കര്, മന്ത്രിമാര് എന്നിവരുടെ പേരുകള് സ്വപ്നയുടെ മൊഴിയിലുണ്ട്. എന്നാല് ഒരിടത്തും മുഖ്യമന്ത്രിയുടെ പേര് പരാമര്ശിക്കുന്നില്ല. അതിനാല്, ‘‘സ്വപ്നയെ ഫോഴ്സ് ചെലുത്തി’’ മുഖ്യമന്ത്രിയുടെ പേരു പറയാന് നിര്ബന്ധിച്ചെന്നു പറയുന്നത് വ്യാജമാണ്.
തങ്ങള് സ്വപ്നയെ ചോദ്യം ചെയ്ത ദിവസങ്ങളില് പോലീസുകാരികളുടെ സാന്നിധ്യമില്ലായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്, മുഖ്യമന്ത്രിയുടെ പേരു പറയാന് തങ്ങള് നിര്ബന്ധിച്ചെന്ന അവരുടെ മൊഴി വ്യാജമാണെന്നും അതിനു പിന്നില് പ്രവര്ത്തിച്ചവരെ കണ്ടെത്തണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം.
തങ്ങള്ക്കെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്. റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്ജി നാളെയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സി. ബി.ഐ. അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം എതിരായാല് സുപ്രീം കോടതിയെ സമീപിക്കാനാണ് അവര്ക്കു ലഭിച്ച നിയമോപദേശം. അതിനു മുന്നോടിയായാണു പോലീസ് മേധാവിക്ക് വിശദമായ കത്ത് നല്കിയത്.
ക്രിമിനല് ഇന്വെസ്റ്റിഗേഷന് സിസ്റ്റം നിലനില്ക്കേണ്ടതു പൊതുസമൂഹത്തില് അനിവാര്യമാണ്. തെറ്റിദ്ധാരണ പരത്തി അന്വേഷണം അട്ടിമറിക്കാന് നടത്തുന്ന ശ്രമമാണ് ആരോപണത്തിനും കേസിനും പിന്നില്. ഇക്കാര്യത്തില് കര്ശന നടപടി വേണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നതരുടെ പേരുപറയാന് ഇ.ഡി. നിര്ബന്ധിച്ചെന്നു പ്രതി സന്ദീപ് നായര് കോടതിക്കു കത്തയച്ചതില് ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡിയില് ഉള്ളപ്പോള് ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും ഇ.ഡിയുടെ കത്തില് പറയുന്നു. എട്ടു മാസത്തിനു ശേഷം പരാതിയുമായി വന്നതില് അസ്വാഭാവികതയുണ്ടെന്നും ഇ.ഡി. പറയുന്നു.







Comments