
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രംബാക്കി നില്ക്കുന്നുമ്പോള് തുടര്‍ഭരണമുണ്ടാകുമെന്ന് എല്‍.ഡി.എഫും, തിരിച്ച് അധികാരത്തിലെത്തുമെന്ന് യു.ഡി.എഫും അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യു.ഡി.എഫിന്റെ പ്രധാനശക്തിയാണ് മുസ്ലിംലീഗ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പുതന്ത്രങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തവണ വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും ജനവധിതേടുന്ന കുഞ്ഞാലിക്കുട്ടി താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇതുവരെ പൂര്‍ണമായും ചെലവഴിച്ചത് മൂന്നുദിവസം മാത്രമാണ്.
യു.ഡി.എഫിന്റെ പ്രധാന പ്രചാരണചുമതലക്കാരില് ഒരാള്‍ എന്ന നിലയില്‍ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ പ്രചാരണ തിരക്കിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധജില്ലകളില്‍ ഇതിനോടകം പ്രചരണത്തിനുപോയി. തിരക്കുപിടിച്ച പ്രചാരണത്തിരക്കിനിടയില്‍ കുഞ്ഞാലിക്കുട്ടി "മംഗള"ത്തോടു സംസാരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ പോകുന്നു ?
നന്നായി പോകുന്നു. വേങ്ങരയിലെ പ്രചരണം നല്ല രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ല. ഞാന്‍ ഇവിടെ ഇല്ലാത്തതുകൊണ്ടു യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. മൂന്നു ദിവസം മാത്രമാണ് വേങ്ങരയില്‍ പ്രചാരണത്തിന് ഇറങ്ങിയത്. എന്നെ സംബന്ധിച്ചിടത്തോളം വേങ്ങരയില്‍ അതു മതി. ഞാന്‍ കേരളത്തിന്റെ ബാക്കി ഭാഗങ്ങളിലൊക്കെ പ്രചരണം നടത്തിയിരുന്നു. ഇന്നും നാളെയുമെല്ലാം ഇനി ഇവിടെയുണ്ട്.
കേരളം മൊത്തം ഓടിനടക്കേണ്ടതിനാല് സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധനല്‍കാന്‍ കഴിയാതെ വരുന്നുണ്ടോ ?
എല്ലാ രാഷ്ട്രീയ നേതാക്കളും അതുപോലെതന്നെയല്ലേ, എന്റെ കാര്യം മാത്രം അല്ലല്ലോ, അതു നിര്വഹിച്ചല്ലേ പറ്റുകയുള്ളു.
യു.ഡി.എഫിന്റെ പ്രതീക്ഷ എത്രത്തോളമുണ്ട്?
യു.ഡി.എഫ് ഇത്തവണ നല്ല റിസള്‍ട്ട് ഉണ്ടാക്കും. ഫീല്‍ഡില്‍നിന്നും ഇപ്പോള്‍ യു.ഡി.എഫിന് അനുകൂലമായ അഭിപ്രായങ്ങളാണ് വരുന്നത്. എന്റെ അഭിപ്രായത്തില്‍ ഇത്തവണ യു.ഡി.എഫ് കംഫര്‍ട്ടബിള്‍ മെജോറിറ്റിയോട് കൂടി ഭരണം പിടിക്കും.
എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ ?
സീറ്റുകളുടെ എണ്ണം ഞാന്‍ പറയുന്നില്ല. 80 സീറ്റിന് മുകളില്‍ കിട്ടുമെന്നാണ് എന്റെ അഭിപ്രായം.
മുസ്ലിംലീഗിന്റെ പ്രതീക്ഷ എത്രത്തോളമുണ്ട് ?
ലീഗിന് നഷ്ടപ്പെടുന്ന സീറ്റുകള്‍ ഇത്തവണ അങ്ങനെയില്ല. ഞങ്ങള്‍ എല്ലാ സീറ്റിലും വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്. പുനലൂരെല്ലാം ഞങ്ങള്‍ പിടിച്ചെടുക്കും എന്ന നിലയിലാണ്.
സര്‍വേകളില്‍ എല്‍.ഡി.എഫിനാണ് മൂന്‍തൂക്കം?
സര്‍വേകളില്‍ വിശ്വാസമില്ല. എല്‍.ഡി.എഫിനെ ജനം മനസിലാക്കിക്കഴിഞ്ഞു. കിറ്റും പെന്‍ഷനും പറഞ്ഞ് ജനങ്ങളെ ഇനി വിഡ്ഢികളാക്കാന്‍ കഴിയില്ല. ഈ സര്‍ക്കാര്‍ എടുത്ത കടത്തിന്റെ കണക്ക് പരിശോധിച്ചാല്‍ മനസിലാകും ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു. കടമെടുത്ത ഓരോ മലയാളിയേയും കൂടുതല്‍ ദുരിതത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നിട്ടും കിറ്റും പെന്‍ഷനും പറഞ്ഞ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിച്ചത്. യാഥാര്‍ഥ്യം ജനം മനസ്സിലാക്കിക്കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പില്‍ അവര്‍ പ്രതികരിക്കും. കാത്തിരുന്നുകാണാം.
ഏതാല്ലാം സീറ്റിലാണ് ശക്തമായ മത്സരം നടക്കുന്നത് ?
അത് എനിക്ക് പറയാന്‍ പറ്റില്ല. ഞങ്ങള്‍ വിജയിക്കുമെന്ന് കണക്കുകൂട്ടിയ നിലയിലാണ്. ഏതെങ്കിലും ഒരു സീറ്റില്‍ ശക്തമായ മത്സരം നടക്കുന്നുണ്ടെന്ന് ഇതുവരെ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല. എല്ലാം ഇപ്പോള്‍ കംഫര്‍ട്ടബിള്‍ ആയിട്ടുപോകുകയാണ്.
എന്തുകാരണം കൊണ്ട് ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യണം ?
ഞങ്ങള്‍ ഒരു മാനിഫെസ്റ്റോ വച്ചിട്ടുണ്ടല്ലോ, ആ മാനിഫെസ്റ്റോ നടപ്പാക്കിയാല്‍ തന്നെ കേരളം ഐശ്വര്യപൂര്‍ണമായ സംസ്ഥാനമായി മാറും. അത്തരത്തിലൊരു മാനിഫെസ്റ്റോ ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടില്ലല്ലോ. മാത്രമല്ല അഴിമതിയും ബാക്കിയുള്ള കാര്യങ്ങളെല്ലാം എല്ലാവരും കാണുന്നതല്ലേ, അതുപോലെ ന്യായ് പദ്ധതിപോലെയുള്ള നല്ല പദ്ധതികളൊക്കെയാണ് ഞങ്ങള്‍ നടപ്പാക്കുന്നത്. പിന്നെ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനു മുമ്പ് ഭരിച്ചിട്ടുണ്ടല്ലോ. ആ ഭരണത്തിന്റെ അത്ര നല്ല ഭരണം കഴിഞ്ഞ തവണ നമ്മള് കണ്ടിട്ടില്ലല്ലോ.
കഴിഞ്ഞദിവസം വയനാട് രാഹുല്‍ ഗാന്ധി എത്തിയ റോഡ് ഷോക്കിടെ മുസ്ലിം ലീഗിന്റെ പച്ച പതാക വാഹനത്തില്‍നിന്നും അഴിച്ചുമാറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നല്ലോ ?
ശുദ്ധ അസംബന്ധമാണിത്. ബി.ജെ.പിയുടെ പ്രചരണം മാത്രമാണിത്. വയനാട് റോഡ് ഷോയിലും മറ്റു പരിപാടികളും ലീഗ് പതാകകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. അത് അവിടെപോയവര്ക്ക് അറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഇത്തരത്തില്‍ പടച്ചുണ്ടാക്കുകയാണ്. അവിടെ പോയ മാധ്യമപ്രവര്‍ത്തകര്‍ പറയട്ടെ അവര്‍ക്ക് യാഥാര്‍ഥ്യം അറിയാമല്ലോ
എന്‍.ഡി.എക്ക് ഇത്തവണ കേരളത്തില്‍ എത്ര സീറ്റ് ലഭിക്കും ?
ഒരു സീറ്റും ലഭിക്കാന്‍ സാധ്യതയില്ല. അവരുടെ വര്‍ഗീയ സ്വഭാവം കേരള ജനത അംഗീകരിക്കില്ല. കേരളത്തില്‍ എന്‍.ഡി.എക്കു വളക്കൂറില്ല. ജനങ്ങള്‍ ഇവരെ അംഗീകരിക്കാത്തതുകൊണ്ടു മറ്റു രീതികളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് കേരളത്തില്‍ ഇക്കൂട്ടര്‍ ചര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
ബി.ജെ.പിയുമായി ലീഗിന് രഹസ്യബന്ധമുളളതായി ആരോപണം ഉയര്‍ന്നിരുന്നല്ലോ, ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ വിജയിക്കണമെന്ന് സുരേഷ്ഗോപി പ്രതികരിക്കുകയും ചെയ്തു ?
സുരേഷ്ഗോപി പറഞ്ഞില്ലെങ്കിലും ഗുരുവായൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ വിജയിക്കും. കാസര്‍ഗോട്ടും മഞ്ചേശ്വരത്തും ലീഗും ബി.ജെ.പിയും നേരിട്ടാണ് മത്സരം. ലൗ ജിഹാദ് വിഷയം ചര്‍ച്ചയാക്കണമെന്ന ആഗ്രഹമുള്ളത് പരാജയ ഭീതിയുള്ളവര്ക്കാണ്. ബി.ജെ.പിയുടെ പിന്തുണ യു.ഡി.എഫിന് ആവശ്യമില്ല. മഞ്ചേശ്വരത്തും നേമത്തും ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്.
ഫാസിസത്തെ എതിര്‍ക്കാന്‍വേണ്ടി കേന്ദ്രത്തില്പോയശേഷം പാതിവഴിയില്‍ ലക്ഷ്യം ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരേ പ്രതിപക്ഷം ആരോപണവുമായി രംഗത്തുവന്നതിനെ കുറിച്ച് ?
ഇതൊക്കെ സാധാരണമാണ്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ ചെയ്യേണ്ടിവരും. എന്റെ സുഹൃത്ത് ജോസ് കെ. മാണി രാജ്യസഭയില്‍നിന്നും ലോക്സഭയിലേക്കും അവിടെനിന്ന് ഇപ്പോള്‍ നിയമസഭയിലേക്കും മത്സരിക്കുകയാണല്ലോ? അതിന് നേതൃത്വം നല്‍കുന്നത് എല്‍.ഡി.എഫ് അല്ലേ, അപ്പോള്‍ അവര്‍ക്കു ഒരു നിയമവും മുസ്ലിംലീഗിന് വേറെ നിയമവും.. അങ്ങനെ ഉണ്ടോ, അതിന് മറുപടി പറയേണ്ടതില്ല
താങ്കളുടെ തിരിച്ചുവരവില്‍ ലീഗിലെ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ?
അതൊക്കെ അസംബന്ധമാണ്. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ തിരിച്ചുവന്നത്. എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ കിട്ടാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാപ്രാതിനിധ്യം വിവാദമായിരുന്നല്ലോ?
അതൊക്കെ സൃഷ്ടിക്കലല്ലേ, ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. സീറ്റ് വിഷയത്തില്‍ ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും, അതൊക്കെ സാധാരണമാണ്. എന്നാല്‍ അതില്‍നിന്നു കൃത്യമായ നിലപാടോടു കൂടി പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടെ അത് അവസാനിക്കും. അതാണ് മുസ്ലിംലീഗ്. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അര്‍ഹമായ പ്രാധാന്യം എല്ലാവര്ക്കും നല്‍കിവരുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
വി.പി. നിസാര്‍






