
കോയമ്പത്തൂര്‍: വോട്ടിന് സമ്മതിദായകര്‍ക്ക് പണം നല്‍കുന്നെന്നത് തമിഴ്നാട്ടില്‍ പരസ്യമായ രഹസ്യമാണ്. ആരോപണവും പ്രത്യാരോപണവുമായി ഡിഎംകെയും എഐഎ ഡിഎംകെയും ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് പരാതിയില്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ മുന്നറിയിപ്പും ബോധല്‍ക്കരണവും നടത്തുന്നതിനിടയില്‍ തങ്ങളുടെ വോട്ടിന് വേണ്ടി പാര്‍ട്ടികളോട് പരസ്യമായി പണം ചോദിച്ച് സമ്മതിദായകരും. വോട്ടിന് പണം കിട്ടാത്തതിന്റെ പേരില്‍ ഒരു ഗ്രാമത്തിലുള്ളവര്‍ പരസ്യമായി പ്രതിഷേധം നടത്തി.
കോയമ്പത്തൂരിലെ നമക്കല്‍ ജില്ലയിലെ റാസിപുരം മണ്ഡലത്തില്‍ വരുന്ന ഗ്രാമത്തിലെ ജനങ്ങളാണ് തങ്ങള്‍ക്ക് വോട്ടിന് പണം കിട്ടിയില്ലെന്ന ആരോപണവുമായി പരസ്യമായി പ്രതിഷേധിച്ചത്. സംഭവം തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. തൊട്ടടുത്ത ഗ്രാമത്തില്‍ ആള്‍ക്കാര്‍ക്ക് വോട്ടിന് 500, 1000 രൂപകള്‍ വീതം കിട്ടിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കാതെ തങ്ങളുടെ ഗ്രാമത്തെ മാത്രം ഒഴിവാക്കിയെന്നാണ് ഇവരുടെ പരാതി.
തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ആയിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. ഇത്രയും ദിവസം കാത്തിരുന്നെന്നും പ്രതീക്ഷ നഷ്ടമായതോടെയാണ് സംഘടിച്ചതെന്നും ഇവര്‍ പോലീസിനോടും പറഞ്ഞു. അടുത്ത ഗ്രാമത്തില്‍ വരെ പണം കിട്ടിയപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തങ്ങള്‍ക്ക് നയാ പൈസ തന്നില്ലെന്നും പറഞ്ഞു. പ്രതിഷേധം സംഘടിപ്പിച്ച അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇവര്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്കി. ഇവര്‍ക്കെതിരേ നിയമനടപടി വേണോ എന്ന കാര്യത്തില്‍ ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശത്തിനായി കാക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏതു സാഹചര്യത്തിലാണ് ഇവരുടെ പ്രതിഷേധം എന്ന കാര്യത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്. അതേസമയം ഫ്ളൈയിംഗ് സ്ക്വാഡുകളുടെ അന്വേഷണത്തില്‍ തന്നെ വോട്ടിന് പണം നല്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ടെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ഇക്കാര്യത്തില്‍ വന്‍ തോതില്‍ അതിവേഗമാണ് പണകൈമാറ്റം നടന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്. നേതാക്കന്മാരുടെ വീട്ടില്‍ നിന്നും വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണവും കണ്ടെത്തിയിട്ടുണ്ട്.






