
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ നാലു ഘട്ടങ്ങള്‍ പൂര്ത്തിയിരിക്കുന്ന ബംഗാളില്‍ ഇനിയും നാലു ഘട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കേ നരേന്ദ്രമോഡിയുടെ റാലിക്ക് വേണ്ടി മമതാബാനര്‍ജിയുടെ റാലിക്ക് നിരോധനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബരാസത്തില്‍ ആയിരുന്നു രണ്ടു പേരുടെയും പരിപാടികള്‍. എന്നാല്‍ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മമതയുടെ റാലിക്ക് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ബിജെപിയും എസ്പിജിയും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബംഗാള്‍ മുഖ്യമന്ത്രിയുടെ റാലി ക്യാന്‍സല്‍ ചെയ്തു.
നോര്‍ത്ത പര്‍ഗാന ജില്ലയിലെ റാലി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോരിന് പുതിയ വിഷയമായി ഇത് മാറിയിട്ടുണ്ട്. നാലാം ഘട്ട വോട്ടെടുപ്പിനിടയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനകം വലിയ വാക് യുദ്ധങ്ങളാണ് ഇരു പാര്‍ട്ടികളും നടത്തുന്നത്. സിആര്‍പിഎഫ് വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിലെ നാലു പേര് ഉള്‍പ്പെടെ ശനിയാഴ്ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്.
സിആര്‍പിഎഫ് വെടിവെയ്പ്പ് കൂട്ടക്കുരുതിയാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്രമോഡിയും അമിത്ഷായും രാജി വെയ്ക്കണം എന്നും ഞായറാഴ്ച നടന്ന പരിപാടിയില്‍ മമതാബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. തോല്വിഭയത്താല് കേന്ദ്രസേനയ്ക്ക് എതിരേ ജനങ്ങളെ തിരിച്ചുവിടുകയും കലാപം ഉണ്ടാക്കുകയും ചെയ്ത മമതാബാനര്‍ജിയാണ് സംഭവത്തിന് ഉത്തരവാദിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. അതേസമയം സ്വയരക്ഷയ്ക്ക് കേന്ദ്രസേന വെടിവെയ്ക്കുകയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്്. 350 -400 പേര് വരുന്ന സംഘം സിആര്‍പിഎഫിന് നേരെ തിരിഞ്ഞെന്നും അതാണ് വെടിവെയ്പ്പിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടില്‍.
കുച്ച്ബീഹാറില്‍ ഉണ്ടായത് ദുഖകരവും ദൗര്‍ഭാഗ്യകരവുമായ സംഭവം ആണെന്നും ഉത്തരവാദികള്‍ക്ക് എതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ നടപടികള്‍ എടുക്കണമെന്നും നരേന്ദ്രമോഡി ആവശ്യപ്പെട്ടു. ബിജെപിയ്ക്ക് അടിസ്ഥാന തലത്തില്‍ വേരോട്ടം കൂടുന്നതില്‍ മമതാ ബാനര്‍ജിക്കും ടിഎംസി ഗുണ്ടകള്‍ക്കും ഉണ്ടായ അസന്തുഷ്ടിയാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ മോഡി പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് ബംഗാളില്‍ പലയിടത്തും റാലികള്‍ നടത്തുന്നുണ്ട്. മോഡിക്ക് ഇന്ന് ബംഗാളില്‍ മൂന്ന് തിരഞ്ഞെടുപ്പ് റാലികളുണ്ട്. ആദ്യ റാലി ഉച്ചയ്ക്ക് 12 ന് ബര്‍ദ്ധമാനിലും. ഉച്ചയ്ക്ക് 1.45 ന് കല്യാണിയിലും മൂന്നാം റാലി വൈകീട്ട് 3.15 ന് ബരാസത്തില്‍ നടക്കും.
പ്രധാനമന്ത്രി മോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിലുണ്ടാകും. ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തര ബംഗാളിലെ കലിംപോങ്ങില്‍ റോഡ് ഷോ നടത്തും. ധൂപുഗുരിയില് നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും അദ്ദേഹം പ്രസംഗിക്കുന്നുണ്ട്.
ഷെഡ്യൂള്‍ ചെയ്ത പരിപാടി പ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് രാവിലെ 11.30 മുതല്‍ ആരംഭിക്കും. കലിംപോങ്ങില്‍ നടന്ന റോഡ് ഷോയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി ഷാ ധൂപുഗുരിയിലേക്ക് പുറപ്പെടും. ഉത്തര ബംഗാളിലെ ധൂപുഗുരിയില് നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. ആഭ്യന്തരമന്ത്രി ഷായുടെ പൊതുയോഗം ഉച്ചയ്ക്ക് 1.40 മുതല്‍ നടക്കും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കലിംപോങ്ങിനെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രത്യേക ജില്ലയാക്കി എന്നത് ശ്രദ്ധേയമാണ്. ഒരു പ്രത്യേക ജില്ലയാകുന്നതിന് മുമ്പ് ഡാര്‍ജിലിംഗ് ജില്ലയുടെ ഭാഗമായിരുന്നു കലിംപോംഗ്.






