
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ആരാധിക്കപ്പെടുകയും വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തിട്ടുള്ള ബാലകൃഷ്ണപിള്ള കടന്നുപോകുന്നതോടെ കേരളരാഷ്ട്രീയത്തില്‍ ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു. കടുത്ത ഇടതുവിമര്ശകനായിരുന്നു ആര്. ബാലകൃഷ്ണപിള്ള ഒടുവില്‍ അരങ്ങൊഴിയുന്നത് ഇടതു സഹയാത്രികനും ഇടതിന്റെ അനിഷേധ്യ നേതാവായി കഴിഞ്ഞിരിക്കുന്ന പിണറായി വിജയന്റെ കടുത്ത ആരാധകനുമായി.
ഒരേ സമയം മന്ത്രിയും ലോക്സഭാംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബാലകൃഷ്ണപിള്ള കമ്യൂണിസ്റ്റായും കോണ്‍ഗ്രസായും കേരള കോണ്‍ഗ്രസായും കേരള രാഷ്ട്രീയത്തില്‍ അതികായനായി നിന്നു. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കെ എം ജോര്‍ജിന് താങ്ങും തണലുമായി അദ്ദേഹം കേരളരാഷ്്ട്രീയത്തില ഒറ്റക്കൊമ്പനായിരുന്നു.
ശ്രീമൂലം പ്രജാസഭാംഗവും ധനാഠ്യനുമായിരുന്നു വാളകം കീഴൂട്ട് രാമന്‍പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനായി 1934 ആഗസ്റ്റ് 25 ന് ജനിച്ച ആര് ബാലകൃഷ്ണപിള്ള കമ്മ്യൂണിസ്റ്റായും കോണ്‍ഗ്രസായും കേരള കോണ്‍ഗ്രസായും രാഷ്ടീയ ജീവിതത്തില്‍ അതികായനായാരിുന്നു. ഇണങ്ങിയാല്‍ തലോടുകയും പിണങ്ങിയാല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന ബാലകൃഷ്ണപിള്ളയായിരുന്നു 1964ല്‍ കെ എം ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോയി കേരള കോണ്‍ഗ്രസിന് രൂപം നല്കുമ്പോള് ഒപ്പം താങ്ങും തണലുമായി നിന്ന് തന്ത്രങ്ങളൊരുക്കിയത്.
14 നിയമസഭാംഗങ്ങളെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ.എം.ജോര്‍ജ് അടര്‍ത്തിയെടുത്തത്. കെഎം ജോര്‍ജ് കേരള കോണ്‍ഗ്രസ് ചെയര്‍മാനും പിള്ള കേരള കോണ്‍ഗ്രസന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായി. പിന്നീട് യുഡിഎഫ് ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന പ്രധാനിയായും രാഷ്ട്രീയ തന്ത്രമൊരുക്കിയത് ബാലകൃഷ്ണ പിള്ളയായിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാപകന്‍ തന്നെ പിന്നീട് മുന്നണിയില്‍ നിന്ന് പതിയെ അകന്നു. കെ.എം.മാണിയോടും ഉമ്മന്ചാണ്ടിയോടുമുള്ള വിയോജിപ്പില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ അദ്ദേഹം ഇടതു സഹയാത്രികനായിരിക്കെയാണ് അന്ത്യം.
1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 87 മുതല്‍ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. 1960 ല്‍ 25 ആം വയസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്തനാപുരത്ത് നിന്നാണ് ആദ്യമായി നിയസമഭയിലെത്തുന്നത്. 1965 ലായിരുന്നു ആദ്യമായി കൊട്ടാരക്കരയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. 1967ല്‍ ചന്ദ്രശേഖരന് നായരോടും 70ല്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോടും തോറ്റു. എന്നാല്‍ 1977 ല്‍ തിരിച്ചുവന്ന അദ്ദേഹം പിന്നീട് 1980, 1982, 1987,1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടി പാറിച്ചു. പക്ഷെ 2006 ല്‍ ഐഷാ പോറ്റിയുടെ തോറ്റു.
1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക്സഭാംഗവുമായിട്ടുണ്ട് പിള്ള ലോക്സഭാംഗമായിരിക്കെതന്നെ 1975ല്‍ അച്യുതമേനോന് മന്ത്രിസഭയില്‍ ഗതാഗത എക്സൈസ് വകുപ്പ് മന്ത്രിയായി. ഒരേ സമയം മന്ത്രിയും ലോക്സഭാംഗവും പഞ്ചായത്ത് പ്രസിഡന്ുമായിരുന്നു ആര് ബാലൃഷ്ണപിള്ള.
എക്സൈസ്, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്ത പിള്ള ഗതാഗതം മന്ത്രിയെന്ന നിലയിലാണ് കൂടുതല്‍ പേരെടുത്തത്. 1982 87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത് രാഷ്ട്രീയ ജീവിതത്തിലെ കരടായി. സിനിമനടനായ മകന് കെബി ഗണേശ്കുമാറിനെ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കി. പലതവണ രാഷ്്ടീയവിജോപ്പിന്റെ പേരില്‍ മകനെ ശത്രുപക്ഷത്താക്കി.






