
കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ പി.ജെ. ജോസഫിനെ ജോസഫ് സാര്‍ എന്നാണ് വിളിക്കുന്നത്; അദ്ദേഹം രാജുവെന്നും. 1970-ല്‍ എന്റെ പിതാവായ കെ.എം. ജോര്‍ജാണ് പി.ജെയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത്. അന്ന് പുറപ്പുഴയിലെ പാലത്തിനാല്‍ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിതാവുമായി സംസാരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കുകയായിരുന്നു. പിതാവിനെ കാണാന്‍ വീട്ടില്‍ വരുന്ന അക്കാലംമുതല്‍ അദ്ദേഹത്തെ നോക്കിക്കാണുന്നുണ്ട്. എന്നും സ്നേഹവാത്സല്യത്തോടെയേ എന്നോട് ഇടപെട്ടിട്ടുള്ളൂ.
1987-ല്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതുമുതലാണ് പി.ജെ. ജോസഫുമായി ഞാന്‍ അടുത്തിടപഴകുന്നത്.
രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍, സുചിന്തിതമായ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി, പുതിയ അറിവുകള്‍ തേടിയുള്ള യാത്ര, മണ്ണിനേയും കര്‍ഷകരേയും അറിയുന്ന മനസ് അങ്ങനെയൊക്കെ പി.ജെ. ജോസഫ് എന്ന നേതാവിനെ പൊതുവെ വായിച്ചെടുക്കാം. എന്നാല്‍, അതിനേക്കാള്‍ എത്രയോ അപ്പുറമാണ് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുന്ന മനസെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. പലപ്പോഴും എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജവം അദ്ദേഹം കാട്ടിയിരുന്നു. മാത്രമല്ല പുതിയ കാര്യങ്ങള്‍, പുതിയ വികസന വഴികള്‍ തേടുന്നതിലും അദ്ദേഹം മുന്നില്‍നിന്നു. 1996-ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ റോഡ് വികസനം കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഒന്നായിരുന്നു. ഞാനന്ന് പാര്‍ലമെന്റ് അംഗമായിരുന്നു. അന്ന് ലോക ബാങ്ക് സഹായത്തോടെ കേരളത്തില്‍ റോഡ് വികസനം സാധ്യമാക്കാന്‍ പി.ജെ. ജോസഫ് ശ്രമം ആരംഭിച്ചിരുന്നു. അതിനായി എന്നെയും കൂട്ടി ഡല്‍ഹിയിലെത്തി ലോകബാങ്ക് പ്രതിനിധി എഡ്വേര്‍ഡ് ലിമ്മുമായി സംസാരിച്ചു. യു.പി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നതിനാല്‍ അദ്ദേഹം കേരളത്തിന്റെ ആവശ്യം ആദ്യം നിരസിച്ചു. എന്നാല്‍, പി.ജെ. പിന്മാറാന് തയാറായില്ല. കേരളത്തിന്റെ റോഡ് വികസന ആവശ്യകതയെക്കുറിച്ച് എഡ്വേര്‍ഡ് ലിമ്മിനെ അദ്ദേഹം ബോധ്യപ്പെടുത്തി. മാത്രമല്ല ഒരു പ്രത്യേക സംഘത്തെ അയച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് ബാങ്ക് സംഘം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പഠനം നടത്തി. തുടര്‍ന്ന് നാടുകാണിയിലെ റിസോര്‍ട്ടില്‍ റോഡ് വികസനത്തിന്റെ അന്തിമ ചര്‍ച്ചയിലും ഞാന്‍ പങ്കാളിയായി. കെ.എസ്.ടി.പി. പദ്ധതി വരുന്നതു തന്നെ അങ്ങനെയാണ്. ബി.എം.ബി.സി. നിലവാരത്തിലുള്ള റോഡുകള്‍ കേരളത്തിലേക്കെത്തി. ഹൈറേഞ്ച് മേഖലയിലേതടക്കം വലിയ റോഡ് വികസനം ഇതിന്റെ തുടര്‍ച്ചയാണ്.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളിലും അദ്ദേഹത്തിന്റെ വലിയ സംഭാവനയുണ്ട്. അന്ന് കുട്ടികള്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന പതിവുണ്ട്. ഇത് ഒഴിവാക്കുന്നതിന് കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടു. ഏറെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചെങ്കിലും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം മൂലം 14 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതുപോലെ കോളജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചപ്പോഴും വലിയ തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടായി. എന്നാല്‍, അദ്ദേഹത്തിന്റെ ഉറച്ച നിലപാട് മൂലം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം ചെറുതല്ല. സമരങ്ങള്‍ മാത്രമായിരുന്ന കോളജ് അന്തരീക്ഷം ശാന്തമായി. പഠന നിലവാരം ഉയര്‍ന്നു. കുട്ടികള്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ തന്നെ പഠിക്കാന്‍ അവസരമുണ്ടായി. ഇതിലൂടെ മെഡിക്കല്‍, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍ മേഖലയിലും സൃഷ്ടിച്ചത് വലിയ മുന്നേറ്റം.
രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും നല്ലൊരു കര്‍ഷകനായിരുന്നു ജോസഫ്. പുതിയ പരീക്ഷണത്തിലൂടെ കര്‍ഷകരുടെ മുന്നില്‍ നൂതന സാധ്യതകള്‍ തുറന്നിടുകയായിരുന്നു അദ്ദേഹം. കൃഷിയെക്കുറിച്ച് വാചകമടിക്കുകയല്ല മറിച്ച് മണ്ണിലേക്കിറങ്ങി അത് കാണിച്ചുകൊടുക്കുകയായിരുന്നു. അറിവുകള്‍ സ്വരൂപിച്ച് കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കാനാണ് കാര്‍ഷികമേള പോലും ആഘോഷമാക്കിയത്. പുതിയ അറിവുകള്‍ തേടിയുള്ള യാത്രയില്‍ അദ്ദേഹം എന്നെയും ഒപ്പം കൂട്ടിയിരുന്നു. ജര്‍മ്മനിയിലെ നൂറന്‍ബര്‍ഗില്‍ നടക്കുന്ന വേള്‍ഡ് ഓര്‍ഗാനിക് ഫെസ്റ്റില്‍ എന്നെയും കൂട്ടി രണ്ടോ മൂന്നോ തവണ പോയി. ജൈവ കൃഷിയുടെ സാധ്യതകള്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, യുവാക്കള്‍ക്ക് പുതിയ സംരംഭങ്ങള്‍ അടക്കം ഒട്ടേറെ കാര്യങ്ങള്‍ സായത്തമാക്കാന്‍ അദ്ദേഹം വിദഗ്ധരുമായി ചര്‍ച്ചനടത്തി. ഇത് പിന്നീട് കാര്‍ഷിക മേളയില്‍ മുദ്രാവാക്യമായി തന്നെ കൊണ്ടുവന്നു.
ന്യൂജെന്മാറ്റങ്ങള് പോലും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണ്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എന്നെ പലപ്പോഴും നിര്‍ബന്ധിച്ചിരുന്നതും അദ്ദേഹമായിരുന്നു. ഒരിക്കല്‍ ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി മാങ്കുളത്ത് പഞ്ചായത്ത് നടത്തിയ ചെറുകിട ജലസേചന പദ്ധതിയേക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചു. സത്യത്തില്‍ എന്റെ മണ്ഡലത്തിലെ ഇത്തരം പ്രോജക്ടിനെക്കുറിച്ചുപോലും പുറത്ത് ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ അന്ന് അത്ഭുതം തോന്നി. ഇതിനുശേഷം കേന്ദ്രഗവണ്മെന്റ് ഇത്തരം പദ്ധതികള്‍ക്ക് വേണ്ടി സഹായം ചെയ്യുമോയെന്ന ചോദ്യം ചോദിച്ചു. തീരുമാനമെടുക്കുമെന്നായിരുന്നു അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര പ്ലാനിങ് കമ്മിഷന് അംഗം മറുപടി നല്‍കിയത്.
കേരളത്തില്‍ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ചര്‍ച്ച തുടങ്ങിവച്ചതും പി.ജെ. ജോസഫായിരുന്നു. അക്കാലത്ത് പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അന്ന് ഡല്‍ഹിക്ക് വിമാനത്തില്‍ യാത്ര ചെയ്യവേയാണ് മെട്രോമാന് ഇ. ശ്രീധരനെ പരിചയപ്പെട്ടത്. റെയില്‍വേ സോണ്‍ തിരുവനന്തപുരത്ത് വേണമെന്ന കാര്യം എം.പിമാര്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
എന്നാല്‍ കാസര്‍ഗോഡ്-തിരുവനന്തപുരം ഹൈസ്പീഡ് റെയില്‍ കോറിഡോറിനെക്കുറിച്ചാണ് കേരളം ആവശ്യം ഉന്നയിക്കേണ്ടതെന്നാണ് ഇ. ശ്രീധരന് പറഞ്ഞത്. ഡല്‍ഹിയിലെത്തിയ ഉടന്‍ പി.ജെ. ജോസഫുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹവും ഡല്‍ഹിയിലെത്തി. കാസര്‍ഗോഡ്-തിരുവനന്തപുരം അല്ല, മറിച്ച് മുംബൈ-കന്യാകുമാരി ഹൈസ്പീഡ് റെയില്‍ കോറിഡോറാണ് വേണ്ടതെന്ന് ഇ. ശ്രീധരനെ പി.ജെ ജോസഫ് ബോധ്യപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഒരു നോട്ട് ഞങ്ങളുടെ ആവശ്യപ്രകാരം ഇ. ശ്രീധരന് തയാറാക്കി തരുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഇതിനു വലിയ മുന്‍ഗണന കിട്ടിയില്ല. നിവേദനം നല്കിയപ്പോള് ഒരുവരി മാത്രമാണ് റെയില്‍ കോറിഡോറിനേക്കുറിച്ചുണ്ടായിരുന്നത്.
പിന്നോട്ടു പോകാന്‍ പി.ജെ. തയാറായിരുന്നില്ല. മുംബൈ മുതല്‍ കന്യകുമാരിവരെ ഒരു പ്രചരണം നടത്തി. എന്നും പാട്ടിനെ സ്നേഹിച്ച അദ്ദേഹം മുംബൈ-കന്യാകുമാരി കോറിഡോറിനെക്കുറിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തി മലയാളി സംഘടനകളെ കണ്ടെത്തി ഓരോ കേന്ദ്രങ്ങളിലും സ്വീകരണമൊരുക്കിയായിരുന്നു പ്രചരണം കൊഴുപ്പിച്ചത്. ഇന്ന് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ചര്‍ച്ചയിലെത്തി നില്‍ക്കുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്. അന്ന് ഇത് നടപ്പായെങ്കില്‍ ഏറെ നേട്ടമായേനെ.
കേരളത്തിന്റെ സമഗ്രവികസനം എന്ന ആശയം ഉയര്‍ത്തിയത് പി.ജെയായിരുന്നു. പ്രാഥമിക സൗകര്യമുള്ള വീട്, ജീവിക്കാനുള്ള വരുമാനം, മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍, വിശ്രമം, വിനോദസൗകര്യങ്ങള്‍ ഇവയെല്ലാം ഈ ആശയത്തിന്റെ ഭാഗമായിരുന്നു.
മാലിന്യമില്ലാത്ത മലയാള നാട് എന്ന ആശയം അക്കാലത്ത് അദ്ദേഹം ഉയര്‍ത്തിയിരുന്നു.
ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ എത്തിയപ്പോള്‍ നഗരത്തിനു നടുവില്‍ തന്നെയായിരുന്നു മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നത്. ഇതോടെ ശാസ്ത്രീയമായി പഠിച്ചാല്‍ കേരളത്തില്‍ എവിടെയും ഇതു നടപ്പാക്കാമെന്ന് ബോധ്യമായി.
ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും അദ്ദേഹം പിന്നിലായിരുന്നില്ല. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും നല്ല പദ്ധതികള്‍ക്ക് പിന്തുണ നല്കാന് അദ്ദേഹം മടികാണിച്ചിരുന്നില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളാണ് പലപ്പോഴും മുന്നോട്ടു നയിച്ചത്. തൊടുപുഴ മോഡല്‍ വികസനം ചര്‍ച്ചയായതും അതുകൊണ്ടുതന്നെ. അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങളിലും പലപ്പോഴും അദ്ദേഹം ഞെട്ടിച്ചിരുന്നു. 1991-ല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരാനുള്ള തീരുമാനംപ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. 2010-ല്‍ കേരളാ കോണ്‍ഗ്രസ് ഐക്യം ലക്ഷ്യമിട്ടുള്ള മാറ്റമായിരുന്നു ഇടതുചേരി വിടാന്‍ കാരണം. പിന്നീട് പി.ജെയോട് നല്ല ബന്ധം പുലര്‍ത്തിയപ്പോഴും മറ്റ് ചില നേതാക്കളുമായി യോജിച്ചുപോകാന്‍ കഴിഞ്ഞില്ല. ഇതോടെ ഞാനടക്കമുള്ളവര്‍ക്ക് പാര്‍ട്ടി വിടേണ്ടിവന്നു. രാഷ്ട്രീയ മാറ്റങ്ങളുടെ കാലഘട്ടത്തിലും ഞങ്ങളുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നില്ല. അതിനാല്‍ നാലു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയപ്പോഴും ആ നല്ല ബന്ധം തുടരുന്നു. എണ്‍പതിന്റെ നിറവില്‍ അദ്ദേഹം എത്തി നില്ക്കുമ്പോള് അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. ദീര്‍ഘവീക്ഷണത്തോടെ ഇനിയും അദ്ദേഹത്തിന് കേരളത്തെ മുന്നോട്ട് നയിക്കാനാവുമെന്ന് വിശ്വസിക്കുന്നു.
ഫ്രാന്‍സിസ് ജോര്‍ജ്
(മുന്‍ എം.പി)




