
ചാത്തന്നൂർ (കൊല്ലം) : ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഫേസ്ബുക്കിൽ രേഷ്മ ചാറ്റ് ചെയ്തിരുന്ന ആൺസുഹൃത്തുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.
അനന്തു എന്ന് പേരുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പറഞ്ഞിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിനിടെ മരിച്ച ബന്ധുക്കളായ യുവതികൾ ഈ പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നു. അതോടെ, കേസ് അവസാനിച്ച നിലയിൽ എത്തിയെങ്കിലും, ഇനിയും തെളിയിക്കപ്പെടാൻ എന്തൊക്കെയോ ബാക്കി ഉണ്ടെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന സംശയം.
മുൻപ് അനന്തു എന്ന കാമുകനെ കാണാൻ രേഷ്മ വർക്കലയിൽ പോയിരുന്നു. എന്നാൽ, ക്വട്ടേഷൻ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനന്തു പ്രസാദ് എന്നയാളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്നതിന് തെളിവുണ്ട്. ഇയാൾ വർക്കല സ്വദേശിയാണ്. എന്നാൽ, ബിലാൽ എന്ന പേരിലാണ് ഇയാൾ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതെന്നാണ് രേഷ്മയുടെ മൊഴി. അനന്തുവെന്ന പേരിലുള്ള രണ്ടിൽക്കൂടുതൽ ആളുകളോട് രേഷ്മയ്ക്ക് ഫെയ്സ്ബുക്ക് ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.






