
കൊച്ചി: കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പിനുള്ള സാധ്യതകള്‍ മുന്നില്‍ വെച്ച് വിമത വിഭാഗത്തിന്റെ പ്രതിഷേധം. പാര്‍ട്ടിയിലെ പദവികള്‍ വീതംവെച്ചതിലെ അതൃപ്തിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ കോട്ടയത്തെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന് തുടങ്ങിയവര്‍ വിട്ടു നിന്നു.
അനാരോഗ്യം കാരണമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണമെങ്കിലും പ്രതിഷേധ സൂചകമായിട്ടാണ് വിട്ടു നിന്നതെന്നാണ് സൂചന. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ മോന്‍സ് ജോസഫിന് ഉന്നത പദവി നല്‍കിയതാണ് മറ്റുനേതാക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇവര്‍ പ്രതിഷേധമറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പിജെ ജോസഫിന്റെ വീട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ നേതാക്കൾ ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞിരുന്നു. മോന്‍സ് ജോസഫിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നേതാക്കൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയായിരുന്നെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. കോട്ടയം കോടിമതക്കു സമീപം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസാക്കി മാറ്റിയത്.






