
തൊടുപുഴ: സംസ്ഥാനത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30 നാണ് പെട്ടിമുടിയില്‍ 70 പേരുടെ ജീവന് കവര്‍ന്ന വലിയ ഉരുള്‍പൊട്ടലുണ്ടായത്. 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ നാലുപേര്‍ ഇപ്പോഴും കാണാമറയത്താണ്. കനത്ത മഴയ്ക്കിടെയുണ്ടായ ഉരുള്‍പൊട്ടല്‍ ഒരു ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങിയപ്പോള്‍ 12 പേര് മാത്രമാണ് രക്ഷപ്പെട്ടത്.
നാലുലയങ്ങളില് ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ ഒറ്റരാത്രികൊണ്ട് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറവുമൂലം പത്തുമണിക്കൂറിനുശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. കോവിഡ് വകവയ്ക്കാതെ ദുരന്തനിവാരണ സേനയും വിവിധ വകുപ്പുകളുമടക്കം അഞ്ഞൂറിലധികം പേര് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 19 ദിവസം നീണ്ടുനിന്ന തെരച്ചിലിലാണ് 66 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
14 കിലോമീറ്റര്‍ അകലെനിന്ന് വരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയും മൂടല്‍മഞ്ഞും വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുമെല്ലാം മുന്നില്‍നില്‍ക്കെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് സംസ്കരിച്ചത്.
കണ്ണന്‍ദേവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും ഇവിടെ പ്രത്യേകം കല്ലറകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനു സമീപത്തായി കമ്പനിയുടെ നേതൃത്വത്തില്‍ മരിച്ചവര്‍ക്കായി പ്രത്യേക സ്മാരകവും നിര്‍മിക്കുന്നുണ്ട്. ഒന്നാം വാര്‍ഷികദിനത്തില്‍ സ്മാരകം അനാച്ഛാദനം ചെയ്യും. ദുരന്തഭൂമിയില്‍ ഇന്ന് ആരുമില്ല. സമീപത്തെ ലയങ്ങളില്‍ താമസിച്ചിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തത്തില്‍പ്പെട്ട എട്ടു കുടുംബങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ വീട് നിര്‍മിച്ചുനല്‍കിയെങ്കിലും ഇവിടെയിപ്പോള്‍ ആരും താമസിക്കുന്നില്ല. ദുരന്തത്തില്‍ കണ്ടെത്താനാവാത്ത നാലുപേരെ മരിച്ചവരുടെ പട്ടികയില്പ്പെടുത്താത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് ആനുകൂല്യം കിട്ടുന്നതിനും തടസമായി. ദുരന്തത്തില്‍ മരിച്ച 46 പേരുടെ ആശ്രിതര്‍ക്ക് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയത്.






