
തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ളയുടെ മൂത്തമകള്‍ ഉഷ മോഹന്‍ദാസും സജീവ രാഷ്ട്രീയത്തിലേക്ക്. സഹോദരന് കെ.ബി. ഗണേഷ്കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന ഉഷ, പഴയ കേരളാ കോണ്‍ഗ്രസുകാരെ ഒരുമിപ്പിച്ചു ഗണേഷിനെതിരേ കച്ചമുറുക്കുമെന്ന് സൂചന.
ശമ്പളപരിഷ്കരണ കമ്മിഷന് ചെയര്‍മാനും മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയുമായിരുന്ന കെ. മോഹന്‍ദാസിന്റെ ഭാര്യയാണ് ഉഷ.
ഗണേഷ്കുമാറുമായി തെറ്റിനില്ക്കുന്ന പാര്‍ട്ടിയിലെ നേതാക്കളുടെ സമ്മര്‍ദമാണ് ഉഷയെ സജീവരാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതെന്നാണു സൂചന. ഇതിന്റെ ഭാഗമായി മുമ്പ് ബാലകൃഷ്ണപിള്ളയുമായി യോജിച്ചുനിന്ന ചിലര്‍ ചേര്‍ന്ന് ഓള്‍ഡ് കേരളാ കോണ്‍ഗ്രസ് എന്നൊരു ഗ്രൂപ്പ് ആരംഭിച്ചു. ഇതിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്തണമെന്ന മോഹവുമായാണ് ഉഷയുടെ രംഗപ്രവേശം.
ആര്. ബാലകൃഷ്ണപിള്ള രൂപം നല്കിയ കേരളാ കോണ്‍ഗ്രസിനെ ഗണേഷ്കുമാര് തകര്‍ത്തെന്നാണു പരാതി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആര്. ബാലകൃഷ്ണപിള്ള ജയിലിലായിരുന്നപ്പോള്‍ കൊട്ടാരക്കരയില്‍നിന്ന് ഉഷ മോഹന്‍ദാസിനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ഗണേഷും കൂട്ടരുമാണ് അതിനെ എതിര്‍ത്തതെന്നാണ് ആക്ഷേപം.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ രൂപീകരണ സമയത്താണ് ഗണേഷ്കുമാറിനെതിരേ പരാതിയുമായി ഉഷ രംഗത്തുവന്നത്. പിതാവിന്റെ സ്വത്ത് ഗണേഷ്കുമാര് മറ്റാര്‍ക്കും നല്‍കാതെ തട്ടിയെടുത്തെന്ന പരാതി ഉഷ ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനേയും കണ്ടും ഉഷയും ഭര്‍ത്താവും പരാതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭയില്‍ ആദ്യ ടേമില്‍ ഗണേഷ്കുമാറിനെ പരിഗണിക്കാതിരുന്നത്. ഭൂമി പോക്കുവരവ് ചെയ്തുതരണമെന്ന ഗണേഷിന്റെ അപേക്ഷയ്ക്കെതിരേ തടസവാദവുമായി ഉക്ഷ അധികൃതരെ സമീപിച്ചിരിക്കുകയാണ്.






