
തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സാക്ഷാല്‍ നിവിന്‍ പോളിയുടെ നായികയായാണ് താരസുന്ദരി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് തൃഷ നായികയാകുന്നത്.
മുന്‍പ് മലയാളിയായ ഗൗതം മേനോന് ഒരുക്കിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായ ജെസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളി വേരുകള്‍ ഉണ്ടായിരുന്നിട്ടും മലയാളത്തില്‍ അഭിനയിക്കാന്‍ ഇതുവരെ മുന്‍ മിസ് മദ്രാസിന് സാധിച്ചിരുന്നില്ല.
നേരത്തെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ കേട്ടിരുന്നെങ്കിലും പിന്നീട് പലകാരണങ്ങാളും അത് നടക്കാതെ പോവുകയായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരം മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതിന് എത്രയാണ് വാങ്ങുന്നതെന്ന് വ്യക്തമല്ല.
മാധവിക്കുട്ടിയുടെ വേഷം ബോളീവുഡ് സുന്ദരി വിദ്യാബാലന് ചെയ്യുന്നതിന് പിന്നാലെയാണ് തൃഷയുടെ മലയാള അരങ്ങേറ്റം നടക്കുന്നത്. ഇതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകം.






