
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍ക്ക് ഇന്ത്യയുടെ മൂന് നായകന് വിരാട് കോഹ്ലി ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. സച്ചിന്റെ പല റെക്കോഡുകളും പേരിലാക്കിയിട്ടുള്ള കോഹ്ലി ശ്രീലങ്കയ്ക്ക് എതിരേയുള്ള ഈ വര്‍ഷത്തെ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ ഒരു റെക്കോഡല്ല രണ്ടു റെക്കോഡിനൊപ്പമായി.
പരമ്പരയിലെ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി കോഹ്ലി നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടമെന്ന സച്ചിന്റെ റെക്കോഡിനൊപ്പമായി. ഇരുവര്‍ക്കും 20 സെഞ്ച്വറികള്‍ വീതമായി. ഒരു ടീമിനെതിരേ ഒമ്പത് സെഞ്ച്വറികള്‍ എന്ന നേട്ടത്തിലും സച്ചിനുമായി മത്സരിക്കുന്ന കോഹ്ലി ശ്രീലങ്കയ്ക്ക് എതിരേയുള്ള നേട്ടത്തിന്റെ കാര്യത്തില്‍ സച്ചിനെ മറികടന്നു. ശ്രീലങ്കയ്ക്ക് എതിരേ സച്ചിന് എട്ടു സെഞ്ച്വറികളാണ് ഉള്ളത്. കോഹ്ലിയ്ക്ക് ഒമ്പതായി.
വെസ്റ്റിന്‍ഡീസിനെതിരേ മാത്രം സച്ചിനും ഓസ്ട്രേലിയയ്ക്ക് എതിരേ കോഹ്ലിയ്ക്കും ഒമ്പത് വീതം സെഞ്ച്വറികളുണ്ട്. ഈ പരമ്പരയില്‍ കോഹ്ലി രണ്ടാമതൊരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ മൂന്ന് റെക്കോഡുകളും തകരും. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി 83 പന്തുകളിലാണ് കോഹ്ലിയുടെ ശതകം. 108 റണ്‍സ് നേടിയ താരം ഒരു സിക്സറും 11 ബൗണ്ടറികളും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നായകന് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു നല്‍കിയത്. രണ്ടുപേരും അര്‍ദ്ധശതകം കുറിച്ചു. രോഹിത് 67 പന്തുകളില്‍ 83 റണ്‍സ് എടുത്തപ്പോള്‍ ഗില്‍ 60 പന്തുകളില്‍ 70 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടിച്ചാണ് രോഹിത് 83 ല്‍ എത്തിയത്. ഗില്‍ 60 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ചു. 11 ബൗണ്ടറികള്‍ നേടി.
ശ്രേയസ് അയ്യര്‍ 24 പന്തില്‍ 28 റണ്‍സിന് വീണപ്പോള്‍ കെ.എല്‍. രാഹുലിന് 39 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ച്വറി തികയ്ക്കുമ്പോള്‍ വിരാട്കോഹ്ലിയ്ക്കൊപ്പം അക്സര്പട്ടേലായിരുന്നു ക്രീസിലുള്ളത്. കോഹ്ലിയുടെ സെഞ്ച്വറിയും രോഹിതിന്റെയും ഗില്ലിന്റെ അര്‍ദ്ധശതകവും ചേര്‍ന്ന് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 47 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ 357 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ എത്തിയത്.






