
കടുത്തുരുത്തി: പതിവുപോലെ ഇത്തവണയും നെല്ല് സംഭരിക്കുന്നതിലെ ഉത്സാഹം, പണം നല്കുന്നതില് സര്‍ക്കാരിനില്ല. രണ്ടാം കൃഷിയുടെ വിളവെടുപ്പ് പകുതി കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ പണം ഇതുവരെയും സെപ്ലെകോ കര്‍ഷകര്‍ക്കു നല്‍കിയില്ല. പരാതി പറഞ്ഞും സമരം ചെയ്തും കഴിഞ്ഞ സീസണിലെ പണം അടുത്തിടെയാണു കര്‍ഷകര്‍ക്കു ലഭിച്ചത്.
പുഞ്ചയുടെ പണം ലഭിക്കാന്‍ വൈകുന്നതോടെ പലിശക്കു പണം വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ നല്‍കാനുള്ളത് 434 കോടി രൂപയാണ്. കേരള ബാങ്കുവഴി വായ്പയായി ഏതാണ്ട് പൂര്‍ണമായും നല്കി കഴിഞ്ഞെങ്കിലും രണ്ടാം സീസണില്‍ സംഭരിക്കുന്ന നെല്ലിന്റെ പണം ഏതു രീതിയില്‍ നല്‍കണമെന്നു സര്‍ക്കാര്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
ഒന്നാം വിളയുടെ സംഭരണം ആരംഭിച്ചപ്പോള്‍ സെപ്ലെകോ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. എന്നാല്‍ ഈ തുക സെപ്ലെകോ മുന്‍ കാല കുടിശികയിലേക്കു വരവ് വച്ചു. പിന്നീടു കേരള ബാങ്കിന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്കു പണം വായ്പയായി നല്‍കുകയായിരുന്നു. രണ്ടാം സീസണ് പകുതിയായിട്ടും എങ്ങിനെ കര്‍ഷകര്‍ക്കു പണം നല്‍കുമെന്ന് ഇതുവരെയും സെപ്ലെകോ പറയുന്നില്ല.
സംസ്ഥാനത്ത് 1.14 ലക്ഷം കര്‍ഷകരാണു രണ്ടാം സീസണില്‍ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം നല്കാനുള്ളതു പാലക്കാട് ജില്ലയിലാണ് 145 കോടി, തൃശൂര്‍ 106 കോടി, എറണാകുളം 45,കോട്ടയം 42 കോടി. രാസവളങ്ങളുടെയും, മരുന്നുകളുടെയും വില വര്‍ധനവ് മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്കു സമയബന്ധിതമായി പണം ലഭിച്ചില്ലെങ്കില്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണു പറയുന്നത്.






