
ദുബായ്: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ മഹേന്ദ്രസിംഗ് ധോണിയും മൂന്താരം സുരേഷ് റെയ്നയും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്. അനേകം സീസണുകള്‍ ഒരുമിച്ച് കളിച്ച ഇരുവരും പല തവണ ഐപിഎല്‍ കിരീടങ്ങളും ചെന്നൈയുടെ കൂടാരത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല ഇരുവര്‍ക്കും.
കഴിഞ്ഞ സീസണില്‍ നായകസ്ഥാനം ധോണി രവീന്ദ്ര ജഡേജയ്ക്ക് നല്കിയതും റെയ്ന ടീം വിട്ടുപോയതും വിവാദമായിരുന്നു. പിന്നാലെ ടൂര്‍ണമെന്റില്‍ ടീം തകര്‍ന്നടിയുകയും ചെയ്തു. എന്നാല്‍ ഇത്തവണ ടീം വീണ്ടും ധോണിയ്ക്ക് കീഴില്‍ ഐപിഎല്‍ കളിക്കാനിറങ്ങുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. റെയ്നയും ജഡേജയും ഇല്ലാത്ത ചെന്നൈയില്‍ ധോണിയ്ക്ക് ഇത് അവസാന സീസണായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം റെയ്നയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു.
''അടുത്തവര്‍ഷവും അദ്ദേഹവും ടീമില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ ഈ സീസണില്‍ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും വരും സീസണിലെ കാര്യങ്ങള്‍. അയാള്‍ അങ്ങിനെ ആഗ്രഹിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഫിറ്റ്നെസും മെച്ചപ്പെട്ടതാണ്. ധോണിയും അമ്പാട്ടി റായിഡുവും കഴിഞ്ഞ ഒരു വര്‍ഷമായി ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് പ്രധാനമാണ്. എന്നിരുന്നാലും മികച്ച താരങ്ങള്‍ ചെന്നൈ നിരയിലുണ്ട്. ഋതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്സ്, ദീപക് ചാഹര്‍ എന്നിവരെല്ലാം ചെന്നൈ നിരയിലുണ്ട്. ഇവര്‍ എങ്ങനെ കളിക്കുന്നെന്ന് കാണേണ്ടതുണ്ട്. '' റെയ്ന പറഞ്ഞു.
വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തിന് വീണ്ടും തിരിച്ചു വരാന്‍ താന്‍ ഷാഹിദ് അഫ്രീദിയല്ലല്ലോ എന്നായിരുന്നു പ്രതികരണം. പല തവണ വിരമിച്ച ശേഷം തിരിച്ചുവന്നിട്ടുള്ള താരമാണ് അഫ്രീദി. ഇനി ഐപിഎല്ലിലേക്ക് ഇല്ല എന്ന് തന്നെയായിരുന്നു റെയ്ന ഉദ്ദേശിച്ചത്. ഫിറ്റ്നെസിന്റെ പ്രശ്നത്തിലാണ് കഴിഞ്ഞ സീസണില്‍ റെയ്ന ടീമില്‍ നിന്നും പുറത്തുപോയത്.




