
ചെന്നൈ: ഐപിഎല്‍ തുടങ്ങും മുമ്പ് പരിക്കേറ്റ സൂപ്പര്‍താരം കെയ്ല്‍ ജാമിസണ് പകരക്കാരനായി ചെന്നൈ സൂപ്പര്‍കിംഗ്സ് ദക്ഷിണാഫ്രിക്കന്‍ താരം സിസാന്‍ഡ മലാഗയെ ടീമിലെടുത്തു. 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് മഗാലയെ ടീമിലെടുത്തിരിക്കുന്നത്. ആദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്.
പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് മലാഗയെ സ്വന്തമാക്കുന്നതിലേക്ക് സിഎസ്കെയെ നയിച്ചത്. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന് വേണ്ടി കളിച്ച താരം 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ട് ടി20 അര്‍ധ സെഞ്ചുറികള്‍ പേരിലുള്ള താരത്തെ വാലറ്റത്ത് ഉപയോഗിക്കാനുമാകും.
രണ്ടുവര്‍ഷമായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത മലാഗയ്ക്കായി ഐപിഎല്‍ താരലേലത്തില്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ചെന്നൈ ജാമിസണിനെ എടുത്തതാകട്ടെ ഒരു കോടി രൂപയ്ക്കും. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജാമിസണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് സിഎസ്കെ പ്ലാന്‍ ബി ആലോചിച്ചത്.
കഴിഞ്ഞ തവണ തകര്‍ന്നുപോയ ചെന്നൈ ഇത്തവണ മഹേന്ദ്രസിംഗ് ധോണിക്ക് കീഴിലാണ് ഇറങ്ങുന്നത്. മാര്‍ച്ച് 31ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്സിനെതിരെ ഏകദിന പരമ്പര കളിക്കേണ്ടതിനാല്‍ വൈകി മാത്രമെ ദക്ഷിണാഫ്രിന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ സാധിക്കൂ.






