
ഗുസ്തി താരങ്ങള്‍ ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ. രാജ്യത്തിന്റെ പ്രതിച്ഛായക്ക് സമരം മങ്ങലേല്പിക്കുമെന്ന് ഉഷ വിമര്‍ശിച്ചു. താരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ വ്യക്തമാക്കി.
റസ്ലിംഗ് ഫെഡേറേഷന്‍ ഭരണത്തിന് അഡ്ഹോക്ക് കമ്മിറ്റിയെ ഒളിമ്പിക് അസോസിയേഷന് നിയോഗിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം.
ഗുസ്തി താരങ്ങള്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ 7 വനിതാ കായികതാരങ്ങളാണ് ദില്ലി പോലീസില്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നല്കത്. എന്നാല്‍ ആറു ദിവസം പിന്നിട്ടിട്ടും ഇതുവരെ പരാതിയില്‍ എഫ്ഐ ആര് എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.






