
ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരായ സമരം തുടർന്ന് ഗുസ്തി താരങ്ങൾ. ഇന്ന് കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കുകയാണ് താരങ്ങൾ . രാജ്യത്തെ ജനങ്ങളുടെ പിന്‍ന്തുണ അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങളെ ഹാഷ് ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാന്‍ താരങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷയോടെയാണ് സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്.
നേരിട്ട അനീതി ഒളിപ്പിക്കാന്‍ ആണ് ഡല്‍ഹി പോലീസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കേസിന്റെ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്നും താരങ്ങള്‍ പറഞ്ഞു. അതേസമയം, കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഗുസ്തി ഫെഡറേഷനില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പോലീസ് തേടിയിട്ടുണ്ട്. കായിക താരങ്ങള്‍ പരാതിപ്പെട്ട ടൂര്‍ണ്ണമെന്റുകളുടെ വിശദാംശങ്ങളാണ് തേടിയത്. ടൂര്‍ണ്ണമെന്റുകള്‍ക്കിടയിലും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കര്‍ഷക നേതാക്കളും എത്തിയിരുന്നു. ഞങ്ങളുടെ പെണ്മക്കള്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞിട്ടുണ്ട്.ഈ മാസം 21 വരെ രാപ്പകല്‍ സമരം തുടരും. 21 ന് യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു. സമരത്തിലുളള ഗുസ്തി താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.






