
മൊട്ടേര: വിന്നിംഗ് ഷോട്ട് പായിച്ചശേഷം ഓടിയെത്തുന്ന ജഡേജയെ വാരിപ്പുണരുന്ന നായകന് മഹേന്ദ്രസിംഗ് ധോണി. ഐപിഎല്ലിലെ 2023 സീസണ് പൂര്‍ത്തിയാകുമ്പോള്‍ മഞ്ഞക്കുപ്പായക്കാരുടെ ആരാധകര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു വിജയാഘോഷ നിമിഷം മറ്റൊന്നില്ല. ധോണിയും ജഡേജയും ഉടക്കാണെന്ന് പറഞ്ഞവര്‍ക്കും എല്ലാം തെറ്റിപ്പോയ നിമിഷമായിരുന്നു അത്.
ട്രോഫി വാങ്ങുമ്പോള്‍ ആ ചടങ്ങിന് ധോണി ആദ്യം ക്ഷണിച്ചത് ജഡേജയേയും അമ്പാട്ടി റായിഡുവിനെയും ആയിരുന്നു. ഇനിയൊരു സീസണില്‍ ധോണി ഉണ്ടാകുന്ന കാര്യം സംശയമാണെന്നിരിക്കെ ജഡേജ കപ്പ് സമര്‍പ്പിച്ചതും നായകന് തന്നെയായിരുന്നു. അടുത്ത സീസണിലും താന്‍ ഉണ്ടാകുമെന്ന് ധോണി ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും അത്.
അവസാന രണ്ടു പന്തില്‍ 10 റണ്‍സ് വേണമെന്നിരിക്കെ എങ്ങിനെ ബാറ്റ് ചെയ്യണം എന്നാണ് ആദ്യം ജഡേജ ആലോചിച്ചത്. കഴിയുന്നത്ര ശക്തമായി അടിക്കണം. പന്ത് എതിലേ പോയാലും കുഴപ്പമില്ല. നേരെ സ്ട്രെയിറ്റ് ബാറ്റ് വെച്ചു. മോഹിത് സ്ളോബോള് എറിയാനാണ് സാധ്യതയെന്ന കണക്കുകൂട്ടല്‍ പിഴച്ചില്ല. ആദ്യ പന്ത് സിക്സറും പിന്നാലെ ഒരു ബൗണ്ടറിയും. കളി ചെന്നൈ ജയിച്ചു.
തന്റെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഞ്ചാമത്തെ കപ്പ് ഉയര്‍ത്താന്‍ കഴിയുക എന്നത് അഭിമാനകരമായ നേട്ടമാണ്. താന്‍ ഗുജറാത്തില്‍ നിന്നുള്ളയാളാണ്. ഈ ജനക്കൂട്ടം അതിശകരമാണ്. അര്‍ദ്ധരാത്രിയോളം നിന്നുപോയ മഴയെത്താന്‍ അവര്‍ ആഗ്രഹിക്കുമ്പോള്‍ ഞങ്ങളെ പിന്തുണയ്ക്കാനായി ഇവിടെ എത്തിയ സിഎസ്കെ ആരാധകര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി ജഡേജ പറഞ്ഞു.
സൂപ്പര്‍ കിംഗ്സിനായി വിജയറണ്‍ നേടിയ ജഡേജയെ ഡഗ്ഔട്ടില്‍ നിന്നും ഓടിവന്നാണ് എം എസ് ധോണി ആലിംഗനം ചെയ്തത്. കാല്‍മുട്ടിലെ വേദനപോലും മറന്ന് എടുത്തുയര്‍ത്തി. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്ന് വിമര്‍ശിച്ചിരുന്നവരെ പോലും അമ്പരപ്പിച്ചായിരുന്നു ഇരുവരുടേയും സ്നേഹ പ്രകടനം. അവസാന രണ്ട് പന്തില്‍ ഒമ്പത് റണ്‍സായതോടെ ഡഗ് ഔട്ടില്‍ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു ധോണി. മോഹിത് ശര്‍മയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്സിനും പിന്നാലെ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ച് ജഡേജ ആവേശജയം സ്വന്തമാക്കി.





