
കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയായ കെ. വിദ്യ എറണാകുളം മഹാരാജാസില്‍ മലയാളം. എം.എ.യ്ക്കു ചേരുമ്പോള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. സാധാരണക്കാരായ മാതാപിതാക്കളുടെ മകള്‍. മികച്ച അക്കാദമിക് ഭാവി സ്വപ്നം കണ്ടാണു മഹാരാജാസില്‍ പ്രവേശനം നേടിയത്.
ആദ്യം വര്‍ഷം ഒന്നും രണ്ടും സെമസ്റ്ററുകള്‍ക്കു ക്ലാസില്‍ ഒന്നാമതായിരുന്നു വിദ്യ. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായതോടെ പഠനത്തില്‍ പിന്നോക്കം പോയി. മാര്‍ക്കും കുറഞ്ഞു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്ഷോയുമായുള്ള അടുത്ത പരിചയം ഉപയോഗിച്ചാണു പിഎച്ച്.ഡി. പ്രവേശനവും വ്യാജ സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തിയതെന്നാണ് ആരോപണം. അതേസമയം, എസ്.എഫ്.ഐ. നേതാവ് പി.എം. അര്‍ഷോ തന്റെ ഫെയ്സ്ബുക്കില്‍ നിന്നു കെ. വിദ്യയുമൊത്തുള്ള പടങ്ങള്‍ നീക്കം ചെയ്തു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പെട്ടതോടെ കെ. വിദ്യയുടെ ഗവേഷണ ഗൈഡും സ്ഥാനത്ത് നിന്നും പിന്മാറി. വിദ്യയുടെ ഗൈഡ് സ്ഥാനത്തുനിന്നു ബിച്ചു എക്സ്. മലയിലാണ് പിന്മാറിയത്. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്നു മാറിനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു കൈമാറി.
ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവേശനം നേടിയ വിദ്യാര്‍ഥിക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതു മറ്റു വിദ്യാര്‍ഥികള്‍ക്കു തെറ്റായ സന്ദേശം നല്കുമെന്നു ബിച്ചു എക്സ്. മലയില്‍ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളം വകുപ്പിന്റെ എച്ച്.ഒ.ഡി. വഴി വി.സിക്കു കൈമാറിയെന്നും അവര്‍ അറിയിച്ചു.
2020 ലാണ് ആരോപണവിധേയായ കെ. വിദ്യ കാലടി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാഥിയായി പ്രവേശിക്കുന്നത്. ഇതിനുശേഷമുള്ള പരിചയം മാത്രമാണു വിദ്യയുമായി ഉള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയം സര്‍വകലാശാല യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു വിദ്യ.
അതിനിടയില്‍ കേസില്‍ കെ. വിദ്യ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. വ്യാജരേഖ ചമച്ചതിനു ജാമ്യമില്ലാ വകുപ്പു ചുമത്തി എറണാകളും സെന്‍ട്രല്‍ പോലീസ് കേസെടുത്തതോടെയാണിത്. വ്യാജരേഖ ചമച്ചതിനു മൂന്നു കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖ ചമച്ചുവെന്നാണു എഫ്.ഐ.ആര്. സംഭവം നടന്നതു പാലക്കാട് അഗളി സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്കു മാറ്റുമെന്നു സെന്‍ട്രല്‍ പോലീസ് അറിയിച്ചു.






