
ഇന്ത്യന്‍ ഫുട്ബോളിലെ ഇപ്പോഴത്തെ ഏറ്റവും ഹോട്ട് താരം ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ അത് നമ്മുടെ കേരളാബ്ളാസ്റ്റേഴ്സിന്റെ സ്വന്തം താരം അബ്ദുള്‍ സഹല്‍ സമദാണ്. മദ്ധ്യനിരയില്‍ പന്തുമായി നൃത്തം വെയ്ക്കുന്ന സഹലിനായി ട്രാന്സ്വിപണയില് പണക്കിഴിയുമായി ക്യൂ നില്ക്കുന്നവരില് മുന്നില്‍ മഞ്ഞപ്പടയുടെ ഏറ്റവും വലിയ എതിരാളികളായ മോഹന്‍ബഗാനാണ്.
അനിരുദ്ധ് ഥാപ്പയെ നിരയില്‍ എത്തിച്ചു മോഹന്ബഗാന് സൂപ്പര്‍ജയന്റ്സ് ഇന്ത്യന്‍ കാല്‍പ്പന്തു ചരിത്രമെഴുതിയത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സഹലിനായും പണപ്പെട്ടി എടുത്തുവെച്ചിരിക്കുന്നത്. കേരളാബ്ളാസ്റ്റേഴ്സുമായി ആറു വര്‍ഷത്തെ കരാറുള്ള സഹലിന് നീട്ടിയിരിക്കുന്നത് ട്രാന്‍സ്ഫര്‍ വിപണിയിലെ വമ്പന്‍ ഓഫറാണെന്നാണ് വിവരം.
അതേസമയം ഇപ്പോള്‍ കൊത്തണ്ടെന്നും കൂടുതല്‍ വലിയ ഓഫറുകള്‍ വരാന്‍ കാത്തിരിക്കുകയുമാണ് ബ്ളാസ്റ്റേഴ്സ് എന്നാണ് വിവരം. കൂടുതല്‍ ധനലാഭം ഉണ്ടായാല്‍ താരത്തെ ബ്ളാസ്റ്റേഴ്സ് വില്‍ക്കാനും മതി. മദ്ധ്യനിരയില്‍ കളി മെനയാനും ഗോളടിക്കാനും മിടുക്കുള്ള 26 കാരന് സഹലിനായി മോഹന്‍ ബഗാന് തൊട്ടു പിന്നില്‍ നില്‍ക്കുന്നത് മറ്റൊരു വമ്പന്മാരായ മുംബൈ സിറ്റിയാണ്.
ഇവര്‍ക്കൊപ്പം ഒഡീഷാ എഫ്സിയും ബംഗലുരു എഫ്.സി.യും താരത്തിന് വേണ്ടി അന്വേഷണം നടത്തുന്ന ക്ലബ്ബുകളുടെ പട്ടികയിലുണ്ട്. കേരളാ ബ്ളാസ്റ്റേഴ്സിനൊപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെയും സ്ഥിരസാന്നിദ്ധ്യമാണ് സഹല്‍. അതുപോലെ തന്നെ വിദേശത്ത് കളി പഠിച്ചെത്തിയ അപൂര്‍വ്വം ഇന്ത്യന്‍ ഫുട്ബോളര്മാരില് പെടുന്നയാളാണ് സഹല്‍. യു.എ.ഇ. സ്പോര്‍ട്സ് അക്കാദമിയുടെ ഭാഗമായിരുന്ന സഹലിനെ 2017 ലാണ് കേരളാ ബ്ളാസ്റ്റേഴ്സ് സൈന്‍ ചെയ്തത്.
കേരളാബ്ളാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള താരങ്ങളുടെ പട്ടികയിലും മുന്നിലാണ് സഹല്‍. 97 മത്സരം മഞ്ഞപ്പടയ്ക്കൊപ്പം കളിച്ച സഹല്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും സെക്കന്റ് സ്ട്രൈക്കറായും മികച്ച കളിയാണ് താരം പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ടീമിലെയും സ്ഥിര സാന്നിദ്ധ്യമായ സഹല്‍ ദേശീയടീമിനായി 25 കളിയില്‍ മൂന്ന് ഗോളുകള്‍ ഇതുവരെ നേടിക്കഴിഞ്ഞു.
ഈ സീസണില്‍ എഎഫ്സി കപ്പില്‍ കൂടി കളിക്കേണ്ടി വരുന്നതിനാല്‍ അതിശക്തമായ ടീമിനെ ഇറക്കാനുള്ള ശ്രമങ്ങളിലാണ് ബഗാന്. യുവാന്‍ ഫെറേണ്ടോ ചുമതലയേറ്റ ശേഷം മികച്ച പ്രകടനം നടത്തുന്ന ടീം ഈ സീസണില്‍ ഒരു അല്‍ബേനിയന്‍ സ്ട്രൈക്കറെ നിരയില്‍ എത്തിച്ചേക്കുമെന്നാണ് സൂചന.






