
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. കഴിഞ്ഞ തവണത്തെ വന്‍ തിരിച്ചടികള്‍ മറികടക്കാനുള്ള ശ്രമത്തില്‍ എല്‍ഡിഎഫിന് നേരിടേണ്ടി വരുന്ന പ്രധാന തലവേദനകളില്‍ ഒന്ന് സീറ്റുവിഭജനമായിരിക്കും. കോട്ടയത്തിന് പുറമേ മറ്റൊരു സീറ്റ് കൂടി ചോദിക്കാനുള്ള നീക്കത്തില്‍ കേരളാകോണ്‍ഗ്രസ് എമ്മിന് ഇടുക്കി കിട്ടുമോ എന്നാണ് ആശങ്ക.
കോട്ടയത്തിന് പുറമേ ഇടുക്കിയില്‍ കണ്ണുവെച്ചിരിക്കുന്ന കേരളാകോണ്‍ഗ്രസിന് ആഗ്രഹിക്കുന്നത് പോലെ സീറ്റുനല്കാന് സിപിഎം തയ്യാറായാല്‍ മൂന് എംപി ജോയ്സ് വീണ്ടുമെത്തുമോ എന്നും ചോദ്യവും ഉയരുന്നുണ്ട്. ഇവിടെ ഇടതുപക്ഷം ജോയ്സ്് ജോര്‍ജ്ജിന് ഒരിക്കല്‍ കുടി അവസരം നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. മൂന് കെഎസ് യു നേതാവായ ജോയ്സ് സഭകളുടെയും പ്രിയപ്പെട്ടവനാണ് എന്നതാണ് കാരണം. ഇടുക്കിയിലെ ക്രിസ്ത്യന്‍ വോട്ടുകളിലാണ് ഇടതു വലതു മുന്നണികള്‍ പ്രധാനമായും കണ്ണുവെച്ചിരിക്കുന്നത്.
നിലവില്‍ സിപിഎമ്മിന് ഇടുക്കിയില്‍ സിറ്റിംഗ് എംപി ഇല്ലാത്ത സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസിന് സീറ്റ് നല്‍കുകയോ ജോയ്സിനെ സ്വതന്ത്രനാക്കി നിര്‍ത്തി പിന്തുണയ്ക്കുകയോ ചെയ്യുന്നതാണ് സിപിഎം കാണുന്ന മികച്ച ചോയ്സ്. നേരത്തേ മലയോര സമരവുമായി ബന്ധപ്പെട്ടാണ് ജോയ്സിനെ ഇടതുപക്ഷം ഏറ്റെടുത്തത്. സഭകളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായിരുന്നു ജോയ്സ് ജോര്‍ജ്ജ് ആ സാഹചര്യം മുന്‍ നിര്‍ത്തിയാണ് വന്‍ വിജയം നേടിയെടുത്തതും.
എന്നാല്‍ മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ കഴിഞ്ഞതവണ ഡീന്‍ കുര്യാക്കോസ് ഇവിടെ നേടിയ ഉജ്വല ജയം കുടി സിപിഎമ്മിന് കണക്കാക്കേണ്ടി വരും. ഇടുക്കി ലോക്സഭാ സീറ്റിലെ ഭൂരിപക്ഷമേഖലയിലുമുള്ള കേരളാകോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനത്തിലാണ് സിപിഎം കണ്ണു വെയ്ക്കുന്നത്. ക്രൈസ്തവ വോട്ടുകളെ ഏകീകരിക്കണമെങ്കില്‍ മണ്ഡലത്തിലെ ഏഴില്‍ അഞ്ചിടത്തും സ്വാധീനമുള്ള കേരളാകോണ്‍ഗ്രസിന്റെ പിന്തുണ വളരെ പ്രധാനമായി അവര്‍ കണക്കാക്കുന്നുണ്ട്. ഇതിനൊപ്പമാണ് ജോസ് കെ മാണി കുടുതല്‍ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നതും.
ജോസ് കെ മാണി കോട്ടയത്തിന് പുറമേ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കുമെന്നും അതിനായി ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടിനേതാക്കളും പറയുന്നുണ്ട്. അതേസമയം ഇതുവരെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കളോ കേരളാകോണ്‍ഗ്രസ് നേതാക്കളോ ജോയ്സുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് വിവരം.






