തൃശൂര്‍: നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനു പുറമെ നെല്ല് അരിയാക്കുന്നതിന് ചെലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,17,794 ടണ്‍ നെല്ലാണ് സപ്ലൈകോ വഴി സംഭരിച്ചത്. സംഭരണ വിലയായി 1,322 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കിയത്. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസയാണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ ഏഴു രൂപ 80 പൈസ കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്.
കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി.ആര്.എസിലൂടെ അഡ്വാന്‍സായി നല്കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്. 1990കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബി.ജെ.പി. നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണ്. 90 കള്‍ തൊട്ടിതു വരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നത്.
എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ഷകക്ഷേമം ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.






