
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പുതുചരിത്രം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ മാറ്റിയാണ് തങ്ങളുടെ പഴയ വജ്രായുധം ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെടുത്തത്. എന്നാല്‍ തങ്ങള്‍ അടുത്ത കാലത്ത് എടുത്ത ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു രോഹിത്ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്ന് പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ളോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റ് മഹേളാ ജയവര്‍ദ്ധനെ. ഹര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിന് കീഴിലാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്.
രോഹിത് നായകസ്ഥാനം വിട്ടതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരില്‍ വന്‍ ഇടിവ് വന്നിരുന്നു. ആരാധകരെപ്പോലെ തങ്ങള്‍ക്കും ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു രോഹിതിന്റെ മാറ്റമെന്നും എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നും പറഞ്ഞു. ജിയോ സിനിമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ നായകനെ മാറ്റിയതിനെക്കുറിച്ച് ജയവര്‍ദ്ധനെയുടെ പ്രതികരണം വന്നത്.
'' സത്യസന്ധമായി പറഞ്ഞാല്‍ അതൊരു കഠിനമായ തീരുമാനമായിരുന്നു. ഒപ്പം വൈകാരികവും. അതു തന്നെയായിരുന്നു ആരാധകര്‍ക്കും. ഓരോരുത്തരുടെയും വൈകാരികമായ മാനസീകാവസ്ഥയെ മാനിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ അത്തരം കഠിനമായ തീരുമാനങ്ങള്‍ ചിലപ്പോഴൊക്കെ എടുക്കേണ്ടി വരും.'' ജയവര്‍ദ്ധനെ പറഞ്ഞു. രോഹിത് ശര്‍മ്മ നായകസ്ഥാനത്ത് നിന്നും മാറിയെങ്കിലും നായകനെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകരമായി പ്രധാനിയായി അദ്ദേഹം ടീമിലുണ്ടാകുമെന്നും പറഞ്ഞു. രോഹിതിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കളത്തിന് പുറത്തും അടുത്ത തലമുറയെ നയിക്കുക എന്നത് പ്രധാന കാര്യമാണ്. അദ്ദേഹം തീര്‍ച്ചയായും പ്രതിഭയാണ്. അദ്ദേഹത്തിന്റെ പരിചയസമ്പന്നത ടീമിനെ നയിക്കാന്‍ പര്യാപ്തമാണ്. ഫ്രാഞ്ചൈസിയുടെ പൈതൃകം നിലനില്‍ക്കേണ്ടത് മാനിച്ച് അനേകം ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്നും ജയവര്‍ദ്ധനെ പറയുന്നു.
മുമ്പും സമാനമായ രീതിയില്‍ സമാന്തര നായകന്മാരെ ടീം കളിപ്പിച്ചിട്ടുണ്ട്. സച്ചിന് തെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് എന്നിവരെ പോലെയുള്ള പരിചയസമ്പന്നരെ കളിപ്പിച്ചപോലെ രോഹിത് ശര്‍മ്മയും ടീമിനായി സംഭാവന ചെയ്യുമെന്നും ജയവര്‍ദ്ധനെ പറഞ്ഞു. സച്ചിന് യുവാക്കള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. മറ്റൊരാളുടെ കീഴില്‍ അദ്ദേഹവും ടീമിനെ നേര്‍രേഖയിലൂടെ നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സമാന രീതിയിലുള്ള ഒരു പ്രവര്‍ത്തിയാണ് ഇത്. തങ്ങള്‍ അടുത്ത സീസണിലേക്കാണ് നോക്കുന്നെതന്നും പറഞ്ഞു.





